
കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്ക് അദാനി ഗ്രൂപ്പില്‍നിന്നു 15 കോടി രൂപ സംഭാവന ലഭിക്കുമെന്നു ബി.ജെ.പി. നേതാവ് പത്മജ മേനോന് പരാമര്‍ശിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് മാലാ പാര്‍വതി. ശ്വേതാ മേനോന് ഏതു രാഷ്ര്ടീയപ്പാര്ട്ടിയുമായി ബന്ധമുണ്ടാകുന്നതിലും എതിര്‍പ്പില്ലെന്നും സംഘടനയില്‍ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു. നടിമാരായ അന്‍സിബ ഹസന്, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവര്‍ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ശ്വേതാ മേനോനെതിരേ ഗുരുതര ആരോപണങ്ങളുമായി മാലാ പാര്‍വതി രംഗത്തുവന്നത്. അമ്മയില്‍ പുതിയ വിവാദങ്ങള്‍ക്ക് ഇതു തിരികൊളുത്തി.
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍നിന്ന് സംഘടനയ്ക്കു പണം സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് മാലാ പാര്‍വതി പറഞ്ഞു. അന്‍സിബ ഹസനെ മതത്തിന്റെ പേരില്‍ ലക്ഷ്യമിട്ട് ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചതായും ജനറല്‍ ബോഡിയില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നിഷേധിച്ചതായും അവര്‍ ആരോപിച്ചു. അന്‍സിബ നാലുപേരെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് ശ്വേത പറഞ്ഞു. അതു തെറ്റാണെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ സിനിമാ മേഖലയില്‍നിന്ന് പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. ശ്വേതാ മേനോനുമായി തര്‍ക്കമുണ്ടായ ശേഷമാണ് താനടക്കം ചിലരെ ഗൂഢാലോചനക്കാരായി ചിത്രീകരിച്ചതെന്നും മാലാ പാര്‍വതി പറഞ്ഞു.
ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണു തകര്‍ന്നതെന്ന് അന്‍സിബ ഹസനും ആരോപിച്ചു.






