ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന, കാണിക്ക മോഷണ വിവാദം കത്തിനില്‍ക്കെ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ഇന്ന്. ആരോഗ്യപ്രശ്നങ്ങളില്‍ വലയുന്ന എണ്‍പത്തെട്ടുകാരനായ ചെയര്മാന് നൃത്യ ഗോപാല്‍ ദാസിനുവേണ്ടി ഉറ്റഅനുയായി കമല്‍ നയന്‍ ദാസാണ് യോഗം വിളിച്ചിരിക്കുന്നത്. നൃത്യ ഗോപാല്‍ ദാസിന്റെ ആശ്രമത്തില്‍ നിശ്ചയിച്ചിരിക്കുന്ന യോഗത്തിന്റെ അജന്‍ഡ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നരേന്ദ്ര മോദി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 13 ട്രസ്റ്റ് അംഗങ്ങളാണ് നൃത്യ ഗോപാലിനെ ചെയര്‍മാനായും ചംപത് റായിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തത്. കാണിക്കമോഷണ വിവാദം ഉയര്‍ന്നതിനുപിന്നാലെ ചംപത് റായിയും ട്രസ്റ്റ് അംഗം അനില്‍ മിശ്രയും രണ്ടാഴ്ചമുമ്പ് രാജിവച്ചിരുന്നു. രാജി സ്വീകരിക്കുന്നതു സംബന്ധിച്ചും ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തുന്നതിനും പുറമേ ബി.ജെ.പിയെയും ആര്.എസ്.എസിനെയും വെട്ടിലാക്കിയ സംഭാവനക്കൊള്ള വിവാദവും ട്രസ്റ്റ് യോഗം ചര്‍ച്ച ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എന്നാല്‍, ഇതൊന്നും വിഷയമാകില്ലെന്നും തന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണു ചെയര്മാന് നൃത്യ ഗോപാല്‍ ദാസിനു താല്പ്പര്യമെന്നുമാണു പുറത്തുവരുന്ന വിവരം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നൃത്യ ഗോപാല്‍ കഴിഞ്ഞ മൂന്നിനാണ് സ്വന്തം ആശ്രമത്തില്‍ മടങ്ങിയെത്തിയത്. ഈമാസം 11 ന് അയോധ്യയിലെ വി.എച്ച്.പി. ഓഫീസില്‍ ട്രസ്റ്റ് യോഗം നടത്താനായിരുന്നു ആലോചന. എന്നാല്‍, കൂടുതല്‍ സമയം കാത്തിരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന നൃത്യ ഗോപാലിന്റെ കടുംപിടിത്തമാണ് സ്വന്തം ആശ്രമത്തില്‍ ഇന്നു യോഗം വിളിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണു സൂചന. ഉറ്റ അനുയായിയായ കമല്‍ നയന്‍ ദാസിനെ പിന്‍ഗാമിയാക്കാന്‍ നൃത്യ ഗോപാല്‍ ആഗ്രഹിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതിനാണു യോഗം നേരത്തെ വിളിച്ചതെന്നാണ് പ്രചരിക്കുന്നത്. വിഷയത്തില്‍ കമല്‍ നയന്‍ പ്രതികരിച്ചിട്ടുമില്ല. അതിനിടെ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വി.എച്ച്.പി. നേതാവുമായ ചംപത് റായിയുടെ രാജി സ്വീകരിക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. സന്യാസിമാരുടെ സംഘമായ അയോധ്യ സന്ത് മണ്ഡലാണ് ചെയര്മാന് നൃത്യ ഗോപാലിനു മുന്നില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. റായിയെ ബലിയാടാക്കുന്നതിന് പകരം ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. 1980 മുതല്‍ റായിയെ അറിയാം. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ട്രസ്റ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ അദ്ദേഹത്തിന്റെ രാജി നിരസിക്കുകയും കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അയോധ്യ സന്ത് മണ്ഡലിലെ സന്യാസിമാര്‍ ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്ന അയോധ്യ ക്ഷേത്രക്കൊള്ള സംബന്ധിച്ച് യു.പി. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഭണ്ഡാര മുറിയില്‍ ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഇതുവരെ അറസ്റ്റിലായി. പ്രതിദിനം ആറുമുതല്‍ എട്ടുലക്ഷം രൂപവരെയാണ് മോഷ്ടിച്ചിരുന്നതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. മോഷണമുതല്‍ സരയൂ നദിക്ക് സമീപമുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി പരസ്പരം വീതിച്ചെടുക്കുകയായിരുന്നു പതിവെന്നും എസ്.ഐ.ടി. ഉദ്യോഗസ്ഥര്‍ പറയുന്നു.




