
ന്യുഡല്‍ഹി: വരാനിരിക്കുന്നത് കൊടും വറുതിയുടെ നാളുകളായിരിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണയിലും അധികമായ ചൂട് ഇത്തവണ അനുഭവപ്പെടുമെന്നും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയെ ആയിരിക്കും ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നൂ.
1880 നു ശേഷമുള്ള റെക്കോര്‍ഡ് ചൂടാണ് 2016ല്‍ രേഖപ്പെടുത്തിയത്. പതിവിലും കൂടുതല്‍ ചൂട് ഇത്തവണ അനുഭവപ്പെടുമെന്നും നോവ, നാസ ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്കുന്നു. സാധാരണയായി മാര്‍ച്ച് മുതല്‍ മേയ് വരെയാണ് ചൂടു കൂടുതല്‍ അനുഭവപ്പെടുക. എന്നാല്‍ ഇത്തവണ ജനുവരി മുതല്‍ ചൂട് വര്‍ധിച്ചുവെന്നും ജൂണ്‍ വരെ ഇത് തുടര്‍ന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. 116 വര്‍ഷത്തിനുള്ളില്‍ എട്ടാമത്തെ ചൂടേറിയ അവസ്ഥയായിരുന്നു ജനുവരിയിലേത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താപനില സാധാരണയിലും ഒരു ഡിഗ്രി സെല്ഷ്യന് വരെ ഉയരും. മിക്ക സംസ്ഥാനങ്ങളിലും ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നൂ.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന, മറാത്തവാഡ, മധ്യ മഹാരാഷ്ട്ര, വിദര്‍ഭ, ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലായിരിക്കും ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക.
2016ല്‍ രാജസ്ഥാനിലെ ഫലോഡിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 51ഡിഗ്ര സെല്‍ഷ്യസ്. 1600 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇവരില്‍ 700 പേര് ഊഷ്ണക്കാറ്റ് ഏറ്റാണ് മരിച്ചത്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ 400 പേര് മരണമടഞ്ഞിരുന്നു.






