വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ 13-ാം വാര്‍ഡായ മംഗലംഡാമിലെ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമില്ല.
വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളില്‍ മാറിമാറി പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് സ്ഥിരം കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിലവില്‍ ടൗണ്‍ കേന്ദ്രത്തില്‍ നിന്ന് അകലെയുള്ള വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം കഴിഞ്ഞ് ഉപയോഗിക്കാതെ കിടന്ന ടെക്ക് എക്സ് ബ്രേക്ക് കെട്ടിടത്തില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് വീണ്ടും വാടകക്കെട്ടിടത്തിലേക്ക് മാറി.
ടൗണില്‍ നിന്ന് ഏറെ ദൂരെയായതും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം വളരെ കുറച്ച് കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ അങ്കണവാടിയിലെത്തുന്നത്. വണ്ടാഴി പഞ്ചായത്തിലെ പ്രധാന കേന്ദ്രവും കുടിയേറ്റ മേഖലയുമായ മംഗലംഡാമില്‍ ജനസാന്ദ്രത കൂടുതലാണ്. എന്നിട്ടും അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമില്ലാത്തത് പ്രദേശവാസികള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.അങ്കണവാടിക്ക് സ്വന്തം കെട്ടിടം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വാര്‍ഡ് അംഗം ഡിനോയ് കോമ്പാറ അറിയിച്ചു. ഹെല്‍ത്ത് ഉപകേന്ദ്രത്തിന് സമീപമുള്ള സ്ഥലത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ പുതിയ അങ്കണവാടി കെട്ടിടം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കുട്ടികള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം ഒരുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




