
കർണാടകയുടെ ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ കലബുറഗിയിലെത്തിയ പ്രിയങ്ക് ഖാർഗെയ്ക്ക് വൻ സ്വീകരണം. സ്വീകരണ ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾ, പ്രിയങ്ക് ഖാർഗെ കർണാടകയുടെ ഭാവി മുഖ്യമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടു. ആ സ്ഥാനത്തേക്ക് വേണ്ട എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടെന്നും അവർ പറഞ്ഞു.ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
എം.എൽ.എമാരായ എം.വൈ. പാട്ടീലും അല്ലമപ്രഭു പാട്ടീലും, പ്രിയങ്ക് ഖാർഗെയുടെ പ്രവർത്തനശേഷിക്ക് യോജിച്ച വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് പറഞ്ഞു.
മുഖ്യമന്ത്രിമാർ മാത്രം കൈവശം വെച്ചിരുന്ന ഇ-ഗവേണൻസ് വകുപ്പ് ഡി.കെ. ശിവകുമാർ പ്രിയങ്ക് ഖാർഗെക്ക് നൽകിയതും വലിയ അംഗീകാരമായാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിലയിരുത്തുന്നത്. ഭരണനിർവഹണ വകുപ്പിന്റെ ഭാഗമായ ഇ-ഗവേണൻസ് ചുമതല മിക്ക സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നത്.






