ഗാസ: ഗാസയിലെ ഭരണസമിതി പിരിച്ചുവിട്ട് ഹമാസ്. 20 വര്‍ഷത്തെ ഭരണത്തിനാണ് അവസാനമായത്. സിവില്‍ ഭരണം നടപ്പിലാക്കുന്നതിനായാണു ഹമാസിന്റെ പിന്മാറ്റം.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണു പലസ്തീന് പ്രസ്ഥാനമായ ഫത്തായില്നിന്നു ഹമാസ് അധികാരം ഏറ്റെടുത്തത്. അന്നു മുതല്‍ ഗാസ ഭരിക്കുന്നത് ഹമാസാണ്.
കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍, ദൈനംദിന ഭരണത്തില്‍നിന്ന് മാറിനില്ക്കാന് തങ്ങള്‍ തയാറാണെന്ന് ഹമാസ് പലതവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആയുധം വച്ചു കീഴടങ്ങല്‍ എന്ന സങ്കീര്‍ണമായ വിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ഗവണ്മെന്റിന്റെ അടിയന്തര സമിതി അധ്യക്ഷന്‍ മുഹമ്മദ് അല്‍-ഫറ രാജി ഔദ്യോഗികമായി സമര്‍പ്പിച്ചതായി ഹമാസിന്റെ ഗവണ്മെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായില്‍ അല്‍-തവാബ്ത അറിയിച്ചു.
നാഷണല്‍ കമ്മിറ്റി ഫോര്‍ ദ് അഡ്മിനിസ്ട്രേഷന് ഓഫ് ഗാസയ്ക്ക് (എന്‍.സി.എ.ജി.) ഭരണപരവും ഗവണ്മെന്റ് പരവുമായ മാറ്റങ്ങള്‍ എളുപ്പമാക്കുന്നതിനായി സമിതി പിരിച്ചുവിടാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്- അല്‍-തവാബ്ത കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കെയ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.സി.എ.ജി. 2025 ഒക്ടോബറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചപ്പോള്‍ രൂപീകരിച്ച ബോര്‍ഡ് ഓഫ് പീസ് വഴിയാണ് സ്ഥാപിതമായത്. ഗാസ ഭരിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് എന്‍.സി.എ.ജി. അധ്യക്ഷന്‍ അലി ഷാത്ത് അറിയിച്ചു.
സമിതിയുടെ വിജയത്തിനു വേണ്ടത് ഒരൊറ്റ അധികാരകേന്ദ്രവും, വ്യക്തമായ അധികാരമുള്ള ഒരൊറ്റ നിയമവും, ഈ ഒരൊറ്റ ഭരണകൂടത്തിന് കീഴിലുള്ള ഒരൊറ്റ സായുധ സേനയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹമാസിന്റെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ബോര്‍ഡ് ഓഫ് പീസ് അറിയിച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ 2802-ാം പ്രമേയത്തിലും വിഭാവനം ചെയ്തിരിക്കുന്നത് പോലെ, എല്ലാ ആയുധങ്ങളും എന്‍.സി.എ.ജിയുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 21 ലക്ഷം പേരാണ് ഇപ്പോള്‍ ഗാസയിലുള്ളത്. ഇവിടേക്ക് എന്‍.സി.എ.ജി. പ്രവേശിക്കുന്നതിനെ ഇസ്രയേല്‍ എതിര്‍ക്കുകയാണ്.




