
ബെയ്ജിങ്: ഭൂമിയില്‍നിന്ന് ഏകദേശം 49 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള കമോഓലവ ഛിന്നഗ്രഹത്തെ 'ഓടിച്ചിട്ടുപിടിച്ച്' ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സി.എന്‍.എസ്.എ. കമോഓലവയുടെ അടുത്തെത്താന്‍ തിയാന്‍വെന്‍-2 പേടകം സഞ്ചരിച്ചത് 100 കോടി കിലോമീറ്റര്‍.
വൈകാതെ കമോഓലവയില്നിന്നുള്ള സാമ്പിളുമായി പേടകത്തില്‍നിന്നുള്ള മോഡ്യൂള്‍ ഭൂമിയില്‍ മടങ്ങിയെത്തും. 2025 മേയിലാണു തിയാന്‍വെന്‍-2 വിക്ഷേപിച്ചത്. ഏകദേശം 400 ദിവസത്തെ യാത്രയ്ക്കും 100 കോടി കിലോമീറ്റര്‍ സഞ്ചാരത്തിനും ശേഷം തിയാന്‍വെന്‍-2 വിജയകരമായി ഛിന്നഗ്രഹത്തില്‍നിന്ന് 20 കിലോമീറ്റര്‍ അടുത്തെത്തിയതായി സി.എന്‍.എസ്.എ അറിയിച്ചു. ഛിന്നഗ്രഹത്തിന്റെ ഒരു ചിത്രവും ചൈന പുറത്തുവിട്ടിട്ടുണ്ട്.
സാമ്പിളുകള്‍ ശേഖരിച്ചുകഴിഞ്ഞാല്‍, അവയെ ഭൂമിയിലേക്ക് തിരികെ എത്തിക്കുന്നതിനായി തിയാന്‍വെന്‍-2 ഒരു പ്രത്യേക മൊഡ്യൂള്‍ വിക്ഷേപിക്കും. ജാപ്പനീസ്, അമേരിക്കന്‍ ബഹിരാകാശ ദൗത്യങ്ങള്‍ ഇതിനകം തന്നെ വിവിധ ഛിന്നഗ്രഹങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിദഗ്ധരുടെ അഭിപ്രായത്തില്‍, ചന്ദ്രനപ്പുറമുള്ള ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ഒപ്പത്തിനൊപ്പം എത്താനുള്ള ചൈനയുടെ ശ്രമങ്ങളിലെ പ്രധാന നാഴികക്കല്ലാണു തിയാന്‍വെന്‍-2. സൂര്യനെ വലംവയ്ക്കുന്ന പാറക്കെട്ടുകളാണു ഛിന്നഗ്രഹങ്ങള്‍. ഇവയില്‍നിന്നുള്ള സാമ്പിളുകള്‍ക്ക് സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമുള്ള സൂചനകള്‍ നല്കാന് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.




