
ജറുസലേം: ഇസ്രയേലിന്റെ ശക്തനായ ഏക സുഹൃത്ത് അമേരിക്ക മാത്രമാണെന്ന യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പ്രസ്താവന തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു.
ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്നവരില്‍ ഇന്ത്യയുമുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. യു.എസിന്റെ ഇറാന് നയത്തെ ന്യായീകരിച്ച് കഴിഞ്ഞ മാസം ജെ.ഡി. വാന്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണു നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ഇറാനുമായുള്ള സമാധാന കരാറിനെ ആക്രമിക്കുന്നതിനു പകരം ഇസ്രയേല്‍ അതിനെ പിന്തുണയ്ക്കണമെന്ന് വാന്‍സ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് പരിഹാസം കലര്‍ന്ന മറുപടിയാണ് നെതന്യാഹു നല്‍കിയത്. ' ഇന്ത്യ എന്നു പേരുള്ള ഒരു ചെറിയ രാജ്യം പോലെ ഞങ്ങള്‍ക്ക് മറ്റ് ചില സുഹൃത്തുക്കളുമുണ്ട്. അവിടെ 140 കോടി ജനങ്ങളുണ്ട്, അവിടെ ഞങ്ങള്‍ക്ക് വലിയ പിന്തുണയാണുള്ളത്'- നെതന്യാഹു പറഞ്ഞു. വാന്‍സുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. പക്ഷേ അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും താന്‍ യോജിക്കുന്നു എന്നല്ല അതിനര്‍ഥമെന്നും നെതന്യാഹു പറഞ്ഞു.
എന്നാല്‍, യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. വൈറ്റ്ഹൗസില്‍ ഇതുവരെ തങ്ങള്‍ക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ സുഹൃത്താണ് ഡോണള്‍ഡ് ട്രംപ് എന്നും നെതന്യാഹു പറഞ്ഞു.


