പാരിസ്: ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവായ മരീന്‍ ലെ പെന്നിന് അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടതിയുടെ അനുമതി. എന്നാല്‍, പ്രചാരണ സമയത്ത് അവര്‍ കാലില്‍ ഇലക്ട്രോണിക് മോണിറ്ററിങ് ടാഗ് ധരിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
പൊതുപണം ദുരുപയോഗം ചെയ്ത കേസില്‍ ലെ പെന്‍ കുറ്റക്കാരിയാണെന്നു പാരിസ് അപ്പീല്‍ കോടതി വിധിച്ചു. എന്നാല്‍ അവര്‍ക്ക് പൊതുപദവികള്‍ വഹിക്കുന്നതിനുള്ള വിലക്ക് കോടതി 45 മാസമായി കുറച്ചു. ഇതില്‍ 30 മാസത്തെ വിലക്ക് കോടതി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 15 മാസത്തെ വിലക്കിനു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ശിക്ഷയുടെ ഭാഗമായി വീട്ടില്‍ കഴിയേണ്ടി വരുമ്പോള്‍ ട്രാക്കിങ് ബ്രേസ്ലെറ്റും ധരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ സാധിക്കുമോ എന്ന് ഇനി ലെ പെന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.
യൂറോപ്യന്‍ പാര്‍ലമെന്റിലെ വ്യാജ തൊഴില്‍ തട്ടിപ്പുകേസില്‍ 57വയസുകാരിയായ ലെ പെന്നിന് അഞ്ച് വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്കും രണ്ട് വര്‍ഷത്തെ തടവുശിക്ഷയുമാണ് കഴിഞ്ഞ വര്‍ഷം കീഴ്ക്കോടതി വിധിച്ചിരുന്നത്. അടുത്ത വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പകരക്കാരിയാകാന്‍ മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലെ പെന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.
തനിക്ക് പ്രചാരണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍, തന്റെ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് ജോര്‍ദാന്‍ ബര്ഡെല്ലയ്ക്ക് അവസരം കൈമാറുമെന്ന് ലെ പെന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


