ക്വറ്റ: പാകിസ്താനില്‍ ചെക്പോസ്റ്റിനുനേരേയുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പോലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ മാംഗി ഡാം പദ്ധതിയുടെ ചെക്ക് പോസ്റ്റിനു നേരേയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒമ്പത് പോലീസുകാര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാകുകയും ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ടെന്നും ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്നും ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് പ്രതികരിച്ചു. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ അര്‍ധസൈനിക വിഭാഗം, പോലീസ്, തീവ്രവാദവിരുദ്ധ വിഭാഗം എന്നിവര്‍ ചേര്‍ന്ന് സംയുക്ത തെരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.


