
വാഷിങ്ടണ്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്കു തന്നോട് അഭിനിവേശമാണെന്നു സ്ഥാപിക്കാന്‍ സാമൂഹിക മാധ്യമത്തില്‍ എഡിറ്റ് ചെയ്ത 'മീം 'പങ്കുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വലതുപക്ഷ ഇറ്റാലിയന്‍ നേതാവായ നാല്‍പ്പത്തൊമ്പതുകാരിയായ മെലോനി എണ്‍പതുകാരനായ ട്രംപിനുനേരേ പുഞ്ചിരിക്കുന്നതാണു ചിത്രം. തന്നെ സമീപിക്കുന്നതിനെതിരേ അവരെ വിലക്കി ഒരു ഉത്തരവ് ആവശ്യമാണെന്ന അടിക്കുറിപ്പോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ചിത്രം പോസ്റ്റ് ചെയ്തത്. വലതുപക്ഷ നേതാവായ മെലോനിക്കു തന്നോടു പ്രത്യേക താല്‍പ്പര്യമുണ്ടെന്ന തരത്തിലുള്ള സന്ദേശം നല്‍കാനാണ് ട്രംപ് ഇതിലൂടെ ശ്രമിച്ചത്.
തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഉച്ചകോടിയില്‍ ട്രംപും മെലോനിയും മറ്റ് സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയായിരുന്നു ഇത്. തന്റെ മുന്‍ഗാമി ബരാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും വ്യാജ ചിത്രമായിരുന്നു അതിലൊന്ന്.
ഗ്രാഫിറ്റി ചിത്രങ്ങള്‍ പെയിന്റ് ചെയ്ത എയര്‍ഫോഴ്സ് വണ്ണില്‍ കയറുംമുമ്പ് ഒബാമ ദമ്പതികള്‍ കൈവീശുന്ന കൃത്രിമചിത്രമായിരുന്നു അത്.
കഴിഞ്ഞയാഴ്ച നടന്ന ജി-7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ചിത്രം എടുക്കാന്‍ മെലോനി തുടരെ അപേക്ഷിച്ചെന്ന് ട്രംപ് അവകാശപ്പെട്ടതോടെയാണ് ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. ഊര്‍ജ, കുടിയേറ്റ വിഷയങ്ങളില്‍ യൂറോപ്യന്‍ രാജ്യക്കാര്‍ക്ക് പിഴവുപറ്റിയെന്നും പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ യൂറോപ്പ് ഇനി ഒരിക്കലും പഴയതുപോലെയാകില്ലെന്നു ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. പിന്നാലെ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന തന്റെ വാഷിങ്ടണ്‍ യാത്ര റദ്ദാക്കി.
ട്രംപിന്റെ വാദങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നായിരുന്നു മെലോനിയുടെ പ്രതികരണം. ഒരാള്‍ക്കുമുന്നിലും താനോ തന്റെ രാജ്യമോ അപേക്ഷിക്കാറില്ല. ഞാന്‍ അമേരിക്കന്‍ വിരുദ്ധയല്ല. പാശ്ചാത്യ രാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കുമ്പോഴാണ് കൂടുതല്‍ ശക്തരാകുന്നതെന്നു വിശ്വസിക്കുന്നു. യോജിച്ചു നില്ക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ഇറ്റലി കൂടുതല്‍ ശക്തമാകുമെന്നും കരുതുന്നു. അതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണു താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാനെതിരായ അമേരിക്കന്‍ നീക്കങ്ങളെ സഹായിക്കാന്‍ ഇറ്റലി വിമുഖത പ്രകടിപ്പിച്ചതോടെയാണ് ട്രംപും മെലോനിയും തമ്മിലുള്ള ബന്ധം വഷളായതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.




