
കൊളംബോ: ശ്രീലങ്കയിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 25 പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരുക്ക്. മരിച്ചവരില്‍ 21 തടവുകാരും നാല് ജയില്‍ ഗാര്‍ഡുമാരും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ കൊളംബോയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ നെഗൊംബോയിലെ തടവറയില്‍ കഴിഞ്ഞ ആറിനു തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്നലെ രാവിലെയാണ് നിയന്ത്രണവിധേയമാക്കിയത്. ഏറ്റുമുട്ടലിന്റെ കാരണം അജ്ഞാതമാണ്.
തടവുകാര്‍ക്കിടയിലെ രണ്ടു ശാക്തിക ചേരികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണു വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നു സൂചനകളുണ്ട്. പരസ്പരം ഏറ്റുമുട്ടിയ തടവുകാരെ നിയന്ത്രിക്കാന്‍ എണ്ണത്തില്‍ കുറവുള്ള സുരക്ഷാഭടന്മാര്ക്കായില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെയെത്തിച്ചാണു സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്. ജയില്‍ കവാടത്തിനു പുറത്ത് പോലീസുകാരുടെ വന്സാന്നിധ്യവും പരുക്കേറ്റവരെ പോലീസ്വാഹനങ്ങളില് ആശുപത്രികളിലേക്കു കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 23 മൃതദേഹങ്ങളും പരുക്കുകളോടെ നൂറിലധികം പേരെയും എത്തിച്ചതായി നെഗൊംബോ ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.


