ദോഹ: ഹോര്‍മുസ് കടലിടുക്കില്‍ 24 മണിക്കൂറിനിടെ 3 ടാങ്കറുകള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. ഒമാന്‍ തീരത്തുകൂടി യാത്ര ചെയ്യുന്നതിനിടയിലാണ് ആദ്യ ടാങ്കറിനുനേരേ ആക്രമണമുണ്ടായത്. കടലിടുക്കില്‍നിന്ന് തെക്കോട്ട് ഒമാന്‍ ഉള്‍ക്കടലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കപ്പലിന്റെ ഇടതുവശത്ത് മിസൈല്‍/ഡ്രോണ്‍ പതിക്കുകയായിരുന്നു. മറ്റു രണ്ടു കപ്പലുകളിലും ഡ്രോണുകളാണു പതിച്ചത്.
മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് ദ്രവീകൃത പ്രകൃതിവാതകം വഹിച്ചുകൊണ്ടുള്ള ടാങ്കറിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ വ്യക്തമാക്കി, ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ നേരിട്ട് ഏറ്റെടുത്തില്ല. തങ്ങള്‍ അംഗീകരിക്കുന്ന പാതയിലൂടെയുള്ള യാത്ര മാത്രമേ ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിതമായിരിക്കൂ എന്ന് ഇറാന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ആക്രമണങ്ങള്‍. ഇറാനാണ് ആക്രമണം നടത്തിയതെന്ന് ഖത്തര്‍ ആരോപിച്ചു.


