
ജക്കാര്‍ത്ത: ഇന്തോനീഷ്യയ്‌ക്ക് ബ്രഹ്‌മോസ്, അസ്‌ത്ര മിസൈലുകള്‍ വിതരണം ചെയ്യാനും സമുദ്രസുരക്ഷയും ധാതുവിതരണ ശൃംഖലകളും ശക്‌തിപ്പെടുത്താനും ധാരണ. ഇന്തോനീഷ്യന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവിടുത്തെ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായുള്ള ചര്‍ച്ചയാണു സുപ്രധാന കരാറുകള്‍ക്കു വഴിമരുന്നായത്.നിര്‍ണായക ധാതുക്കള്‍, സാങ്കേതികവിദ്യ, മരുന്നുകള്‍, ഭക്ഷ്യസുരക്ഷ, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം ഗണ്യമായി വര്‍ധിപ്പിക്കും. ഇതടക്കം ഒരു ഡസനോളം കരാറുകളിലാണ് ഇരുപക്ഷവും ഒപ്പുവച്ചത്.
2018 ലെ ഇന്ത്യ-ഇന്തോനീഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനു കീഴില്‍ വ്യാപാര, സുരക്ഷാ സഹകരണം ശക്‌തിപ്പെടുത്താനാണു ത്രിരാഷ്‌ട്ര പര്യടനത്തിന്റെ ആദ്യഘട്ടത്തില്‍ മോദി ജക്കാര്‍ത്തയിലെത്തിയത്.
ഓപ്പറേഷന്‍ സിന്ദൂറിലെ വിജയമാണ് ഇന്ത്യയുടെ എയര്‍-ടു-എയര്‍ ആസ്‌ട്ര മിസൈലുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്തോനീഷ്യയെ പ്രേരിപ്പിച്ചത്. വിയറ്റ്‌നാമുമായും ഫിലിപ്പീന്‍സുമായും സമാനമായ കരാറുകളില്‍ ഒപ്പുവച്ചതിനു ശേഷമാണ് ഇന്തോനീഷ്യയുമായി ബ്രഹ്‌മോസ് മിസൈല്‍ കരാറായത്. എത്ര മിസൈലുകള്‍ നല്‍കണമെന്ന് വ്യക്‌തമല്ല.ഇന്തോനീഷ്യയില്‍ ഉരുക്ക്, നിക്കല്‍, റെയര്‍ ഏര്‍ത്ത് പെര്‍മനനന്റ് മാഗ്‌നെറ്റ്‌സ് എന്നിവയുടെ നിര്‍മാണത്തില്‍ നിക്ഷേപം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു.
നിര്‍ണായക ധാതുക്കളുടെയും ഉരുക്കിന്റെയും മേഖലകളിലെ വിതരണ ശൃംഖല കൂടുതല്‍ ശക്‌തിപ്പെടുത്താനും സുപ്രധാന കരാറിലെത്തിയതായി മോദി പറഞ്ഞു. 'സെ്‌റ്റയിന്‍ലെസ് സ്‌റ്റീല്‍, റെയര്‍ ഏര്‍ത്ത് പെര്‍മനനന്റ് മാഗ്‌നെറ്റ്‌സ് എന്നിവയുമായി ബന്ധപ്പെട്ട് കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തത്തിനും പുതിയ തുടക്കമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപരമായ സബാങ് തുറമുഖം സംയുക്‌തമായി വികസിപ്പിക്കാനും ഇന്ത്യയും ഇന്തോനീഷ്യയും സമ്മതിച്ചു.
മലാക്ക കടലിടുക്കിന് അഭിമുഖമായി ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാര്‍ തുറമുഖ പദ്ധതിയില്‍നിന്ന് 100 മൈല്‍ അകലെയാണിത്.
'2018 ല്‍ രൂപപ്പെടുത്തിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ഇന്ന് ഒരു പുതിയ ഗതിയിലേക്ക് നീങ്ങുന്നു. വികസനം, സുരക്ഷ, സാങ്കേതികവിദ്യ, സംസ്‌കാരം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും സുപ്രധാന ചുവടുവയ്‌പ്പുകള്‍ നടത്തുകയാണ്- ചര്‍ച്ചകള്‍ക്ക് ശേഷമുള്ള മാധ്യമ പ്രസ്‌താവനയില്‍ മോദി പറഞ്ഞു. പ്രതിരോധ വിനിമയങ്ങള്‍, ദുരന്തനിവാരണം, വ്യാവസായിക സഹകരണം എന്നിവ വര്‍ധിപ്പിക്കാന്‍ കരാറുണ്ട്. ഇന്തോനീഷ്യയില്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂരിന്റെ കാമ്പസ് തുറക്കും. ബ്ലൂ ഇക്കോണമി, സമുദ്ര വ്യാപാരം, തുറമുഖ വികസനം എന്നീ രംഗങ്ങളിലെ സഹകരണത്തിനും ഇരുപക്ഷവും ധാരണയായി. ഇന്ത്യയുടെ യു.പി.ഐ ഇന്തോനീഷ്യയുടെ പേയ്‌മെന്റ് സംവിധാനവുമായി സംയോജിപ്പിക്കുന്നതോടെ ബിസിനസ് എളുപ്പമാകുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.




