
പ്രകൃതിയുടെ വരദാനമായ പാലുകാച്ചി മല സഞ്ചാരികളുടെയും പ്രകൃതി സ്‌നേഹികളുടെയും താവളമായി മാറുകയാണ്. കണ്ണൂര്‍ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പാലുകാച്ചിമല. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലായി സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2,340 അടി ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന ഈ മല ഓരോ കാലാവസ്‌ഥയിലും വ്യത്യസ്‌ത മുഖമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
ഐതിഹ്യപ്രസിദ്ധമായ പാലുകാച്ചി സെന്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ വനപാതയിലൂടെ നടന്നാല്‍ മലമുകളിലെത്താം. കൂറ്റന്‍ മരങ്ങളുടെ തണലും വള്ളിപ്പടര്‍പ്പുകളും പുല്‍മേടുകളും അപൂര്‍വയിനം സസ്യങ്ങളും വര്‍ണശബളമായ ചിത്രശലഭങ്ങളും പക്ഷികളും യാത്രയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.മലമുകളിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് 360 ഡിഗ്രിയില്‍ വിരിഞ്ഞുനില്‍ക്കുന്ന പശ്‌ചിമഘട്ടത്തിന്റെ വിസ്‌മയക്കാഴ്‌ചകളാണ്.
താഴ്വരകളിലൂടെ ഒഴുകുന്ന കോടമഞ്ഞും കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന പച്ചപ്പും ദൂരെയായി കാണുന്ന ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളും കേളകം, കൊട്ടിയൂര്‍ ടൗണുകളും കൊട്ടിയൂര്‍ ക്ഷേത്രവും ചേര്‍ന്ന് അപൂര്‍വമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. മഴത്തുള്ളികള്‍ മുഖത്ത് പതിക്കുമ്പോള്‍ മേഘങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന അനുഭവം സഞ്ചാരികളുടെ മനസില്‍ മായാത്ത ഓര്‍മയായി മാറും. കേളകം ടൗണില്‍ നിന്ന് അടയ്‌ക്കാത്തോട്-ശാന്തിഗിരി വഴിയും കൊട്ടിയൂര്‍ പഞ്ചായത്തിലെ നീണ്ടുനോക്കി, ചുങ്കക്കുന്ന് പ്രദേശങ്ങളില്‍ നിന്നുള്ള വഴികളിലൂടെയും പാലുകാച്ചിമലയിലെത്താം. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ സെന്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പില്‍ നിന്ന് ടിക്കറ്റ് എടുക്കണം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് പ്രവേശനനിരക്ക്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശന സമയം.
വനമേഖലയായതിനാല്‍ വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അട്ടശല്യം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സാനിറ്റൈസറോ ഉപ്പോ കരുതുന്നതും യാത്രയ്‌ക്ക് അനുയോജ്യമായ വസ്‌ത്രങ്ങളും ചെരിപ്പും ഉപയോഗിക്കുന്നതും സുരക്ഷിത യാത്രയ്‌ക്ക് സഹായകരമാകും.
കെപി അനില്‍കുമാര്‍
മട്ടന്നൂര്‍



