കല്‍പ്പറ്റ: കുടുംബശ്രീ ഓണക്കനി, നിറപ്പൊലിമ പൂകൃഷി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 12ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം നിര്‍വഹിക്കും. ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് കീടനാശിനി തളിക്കാതെ പൂക്കള്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിറപ്പൊലിമ പൂകൃഷി ആരംഭിക്കുന്നത്. ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച തീവ്ര കാര്‍ഷിക പദ്ധതിയാണ് ഓണക്കനി.
പരിപാടിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഹാളില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാജി കുന്നത്ത് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ. എം.സെലീന പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉഷ ജാ്യേതിദാസ്, വൈസ് ചെയര്‍പേഴ്സണ്‍ ഷാജിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




