കല്‍പ്പറ്റ: കള്ളാടിആനക്കാംപൊയില് തുരങ്കപാത നിര്‍മാണം ശാസ്ത്രജ്ഞരും വിദഗ്ദരും അടങ്ങിയ സമിതി വിശദമായി പഠിച്ച് ശിപാര്‍ശ ചെയ്താല്‍ മാത്രം നടത്തണമെന്നും അതുവരെ പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തുരങ്കപാത പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനിടയായ സാഹചര്യങ്ങള്‍ ഉന്നത ഏജന്‍സിയുടെ അന്വേഷണത്തിന് വിധേയമാക്കണം.
പദ്ധതിക്ക് അനുമതി തരപ്പെടുത്തിയ പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍, കൊങ്കണ്‍ കോര്‍പറേഷനുവേണ്ടി പഠനം നടത്തിയ ഏജന്‍സികള്‍, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതി, പദ്ധതിക്കുവേണ്ടി ജനാഭിപ്രായം രൂപീകരിച്ച ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഇടപെടല്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. കള്ളാടിയിലെ തുരങ്കമുഖത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം കരാര്‍ കമ്പനിക്ക് മാത്രമാണെന്ന കല്‍പ്പറ്റ എംഎല്‍എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണ്.
മതിയായ പഠനം നടത്താതെയും ധൃതിയിലുമാണ് തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഈ ഘട്ടത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കിയതുപോലെ ദുരന്തമുണ്ടായതിന് കഴിഞ്ഞ സര്‍ക്കാരും നിസംഗത പുലര്‍ത്തിയ പൊതുസമൂഹവും ജനപ്രതിനിധികളില്‍ ചിലരും ഉത്തരവാദികളാണ്. ശാസ്ത്രീയ പഠനം നടത്താതെയും വിദഗ്ധാഭിപ്രായം തേടാതെയും തെറ്റായ വിവരങ്ങള്‍ നല്കി
വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചുമാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് സ്റ്റേജ് വണ്ക്ല ിയറന്‍സ് സംഘടിപ്പിച്ചത്. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ മുന്‍നിര്‍ത്തി ഡിപിആര്‍ ഉണ്ടാക്കിയത് സുതാര്യമായല്ല. തുരങ്ക നിര്‍മാണത്തിനു മുമ്പ് ശാസ്ത്രീയപഠനം വേണമെന്ന് ആവശ്യപ്പെട്ട് കോടതികളെ സമീപിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ വികസന വിരുദ്ധര്‍ എന്ന് മുദ്രകുത്താനും അപകീര്‍ത്തിപ്പെടുത്താനും അവരില്‍ ഒരാളുടെ വീട്ടിലേക്ക് മാര്‍ച്ച നടത്താനും തത്പര കക്ഷികള്‍ ഗൂഢാലോചന നടത്തി.
കള്ളാടിയില്‍ കണ്ടത് പ്രകൃതിയുടെ ചെറിയ മുന്നറിയിപ്പ് മാത്രമാണ്. ഇതില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ ഭയാനകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരുമെന്ന് തീര്‍ച്ചയാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, തച്ചമ്പത്ത് രാമകൃഷ്ണന്, സി.ഐ. ഗോപാലകൃഷ്ണന്, സണ്ണി മരക്കടവ്, പി.എം. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.




