
ബത്തേരി: ഊട്ടി അന്തര്‍ സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കണ്ണിന് കുളിര്‍മയേകി നമ്പിക്കൊല്ലി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. വെയിറ്റിംഗ് ഷെഡിന് മുകളിലാകെ വയലറ്റ് നിറത്തിലുള്ള പൂക്കള്‍ വിരിയിച്ച് പെട്രിയ വോളുബിലിസ് വള്ളി പടര്ന്നുനില്ക്കുന്നത് പ്രദേശത്തിന്റെ മനോഹാരിതയ്ക്ക് പുതിയ ഭംഗി പകരുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ടൗണിലെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന് നട്ടുപിടിപ്പിച്ച ചെടിയാണ് നാട്ടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. ഓരോ വേനല്‍ക്കാലത്തും പൂക്കളാല്‍ മൂടുന്ന വള്ളി, ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്ക് തണലും കാഴ്ച്ച വിരുന്നും ഒരുപോലെ സമ്മാനിക്കുന്നു. വയലറ്റ് നിറത്തിലുള്ള പൂക്കള്‍ കൂട്ടമായി വിരിഞ്ഞ് വെയിറ്റിംഗ് ഷെഡിന് മുകളില്‍ പ്രകൃതിദത്തമായൊരു പൂപ്പന്തല്‍ ഒരുക്കിയിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരും സഞ്ചാരികളും ഈ അപൂര്‍വ കാഴ്ച ആസ്വദിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഇപ്പോള്‍ നിത്യസംഭവമാണ്. സമൂഹമാധ്യമങ്ങളിലൂടെയും ഈ പൂക്കളണിഞ്ഞ വാഹനകാത്തിരിപ്പ് കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നുണ്ട്. ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കുന്ന പൂക്കാലമാണ് ഈ ചെടിക്കുള്ളത്.
മഴ ശക്തമാകുന്നതോടെ പൂക്കള്‍ കൊഴിഞ്ഞുപോകുമെങ്കിലും അടുത്ത വേനല്‍ക്കാലമെത്തുമ്പോള്‍ വീണ്ടും അതേ മനോഹാരിതയോടെ പൂത്തുലയുമെന്ന് നാട്ടുകാര്‍ പറയുന്നു. പൂക്കളുടെ ഭംഗി മാത്രമല്ല ഒരു കൂട്ടം നാട്ടുകാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നട്ടുവളര്‍ത്തിയ ഒരു വള്ളിച്ചെടി ഇന്ന് ഒരു നാടിന്റെ സൗന്ദര്യചിഹ്നമായി മാറിയതിന്റെ കഥ കൂടിയാണ് നമ്പിക്കൊല്ലിയിലെ ഈ പൂപ്പന്തല്‍ പറയുന്നത്. യാത്രക്കാര്‍ക്ക് വര്‍ഷക്കാലത്തും വസന്തത്തിന്റെ അനുഭൂതി പകരുന്ന ഈ കാഴ്ച്ച സംസ്ഥാനപാതയിലെ ശ്രദ്ധേയമായൊരു ആകര്‍ഷണമായി മാറിക്കഴിഞ്ഞു.



