കല്‍പ്പറ്റ: കള്ളാടി ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ആംആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷകരായി മാറേണ്ട ഗവണ്മെന്റ് ജനങ്ങളുടെ അന്തകരായി മാറുന്നത് വേദനാജനകമാണ്.
ആനക്കാംപൊയില്‍ - കള്ളാടി ചുരം ചര്‍ച്ച തുടങ്ങിയ കാലം മുതല്‍ പരിസ്ഥിതിപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും വയനാട്ടിലെ വിവിധ സംഘടനകളും ഈ തുരങ്കപാതയ്ക്കെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. നിലവിലുള്ള താമരശ്ശേരി ചുരത്തില്‍ കൂടിയുള്ള യാത്ര ദുഃസ്സഹമാക്കി വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മുന്‍ എല്‍.ഡി.എഫ് ഗവണ്മെന്റ് കൃത്യമായ പരിസ്ഥിതി പഠനം പോലും നടത്താതെ ആണ് തുരങ്കപാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ജനങ്ങളുടെ നികുതിപ്പണം വാങ്ങി ജനങ്ങളുടെ ജീവനെടുക്കുന്നതാണ് പദ്ധതി. പ്രദേശത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂന അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കലക്ടര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍ പെഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇടപെട്ട് തുരങ്കനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കുന്ന കാര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ, ജില്ലാ സെക്രട്ടറി പോള്സന് തോമാട്ടുചാല്‍, ജില്ലാ ട്രഷറര്‍ മനു മത്തായി, ഇ.വി. തോമസ്, ഷെറിന് റോയ്, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് റഫീക്ക്, മണ്ഡലം സെക്രട്ടറി സല്മാന് റിപ്പണ്‍ എന്നിവര്‍ പങ്കെടുത്തു.




