
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവര്‍ക്ക് സഹായമായി കുടുംബശ്രീയും ഹരിതകര്‍മസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ സജ്ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യമുണ്ട്.
കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ക്യാമ്പില്‍ പുനരധിവസിപ്പിച്ചവര്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന് അറിയിച്ചു. ക്യാമ്പിലെ ഭക്ഷണ പാചകം ചെയ്യല്‍, വിതരണം ചെയ്യുന്നതിന് സി.ഡി.എസ് പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്കി ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പില്‍ 33 കുടുംബങ്ങള്‍
കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍നിന്നു 33 കുടുംബങ്ങളിലെ 93 പേരെ മേപ്പാടി പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ക്യാമ്പിലുണ്ട്.
കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ, പുത്തുമല പ്രദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് അവശ്യ വസ്തുക്കള്‍ ഉറപ്പാക്കാന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, ടി സിദ്ദീഖ് എന്നിവര്‍ റവന്യു വകുപ്പിനെയും മേപ്പാടി പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ഏറാട്ടുകുണ്ട്, കുപ്പച്ചി, പുഞ്ചിരിമട്ടം, താന്നിലോട്, താഴെ അരണമല, അയ്യപ്പന് ഉന്നതികളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ വനം, പോലീസ്, പട്ടികവര്‍ഗ വികസന വകുപ്പ് അധികൃരോട് അവര്‍ ആവശ്യപ്പെട്ടു.
ചൂരല്‍മലയില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ആരോഗ്യസേവനം ലഭ്യമാക്കാന്‍ ഡോക്ടര്‍, നഴ്സ്, മരുന്ന് ഉള്‍പ്പെടെ സംവിധാനങ്ങളോടെ ഹെല്‍ത്ത് സബ് സെന്റര്‍ അടിയന്തരമായി സജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രിമാര്‍ നിര്‍ദശം നല്കി. അന്തേവാസികളുടെ സ്വകാര്യത പരിഗണിച്ച് ദുരിതാശ്വാസ ക്യാമ്പുളിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. മണ്ണിടിച്ചില്‍ മേഖലയില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഉണ്ടെങ്കിലും മേപ്പാടിയില്‍നിന്നു ചൂരല്‍മല ഭാഗത്തേക്ക് പോകേണ്ട പ്രദേശവാസികളെ കടത്തിവിടും. മേപ്പാടി പഞ്ചായത്തിലെ ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ വിവരം ശേഖരിക്കും.
ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. വൈത്തിരി, പൊഴുതന പഞ്ചായത്തുകളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമെങ്കില്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കും. മേപ്പാടി പോളി ടെക്നിക് കോളജില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഷാഫി പറമ്പില്‍ എംപി, ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, വൈസ് പ്രസിഡന്റ് ടി. ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാതാ തുടങ്ങിയവര്‍ പങ്കെടുത്തു.



