
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. കേസിൽ നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചു. ശിക്ഷ മരവിപ്പിച്ചാൽ കുറ്റത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്ന സന്ദേശമാകും സമൂഹത്തിന് ലഭിക്കുകയെന്നും വാദിച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ നിലവിൽ കോടതി പരിഗണനയിലാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി സ്ഥിരം കുറ്റവാളിയാണെന്നും, തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകിയതിന് കോടതി പിഴ ചുമത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീം കോടതി ജാമ്യം ലഭിച്ച് ഒരു മാസം തികയും മുൻപേ മറ്റൊരു കേസിലും പ്രതിയായെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് പിന്നീട് പ്രഖ്യാപിക്കാമെന്ന് അറിയിച്ചു.






