ന്യൂഡല്‍ഹി: വ്യക്‌തിയെ അറസ്‌റ്റ് ചെയ്യുമ്പോള്‍ അതിന്റെ കാരണങ്ങള്‍ രേഖാമൂലംതന്നെ നിര്‍ബന്ധമായി നല്‍കണോയെന്ന വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്കു വിട്ടേക്കും. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിവിധ ബെഞ്ചുകളില്‍നിന്ന് ഭിന്നവിധികളുണ്ടായ പശ്‌ചാത്തലത്തിലാണിത്.
മേഘാലയയില്‍ നടന്ന 'ഹണിമൂണ്‍ കൊലപാതക'ക്കേസിലെ മുഖ്യപ്രതി സോനം രഘുവംശിക്കു ജാമ്യം അനുവദിച്ച തിനെതിരേ സംസ്‌ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണു ജസ്‌റ്റിസ് മനോജ് മിശ്രയും ജസ്‌റ്റിസ് ശ്രീചന്ദ്രശേഖറും ഉള്‍പ്പെടുന്ന ബെഞ്ച് ഇക്കാര്യം വ്യക്‌തമാക്കിയത്. സുപ്രീം കോടതിയുടെ മുന്‍ വിധിന്യായങ്ങളിലെ പരസ്‌പരവിരുദ്ധ നിലപാടുകള്‍ ജസ്‌റ്റിസ് മനോജ് മിശ്ര ചൂണ്ടിക്കാട്ടി. അറസ്‌റ്റ് ചെയ്യുന്നതിനുള്ള കാരണങ്ങള്‍ ഇ.ഡി. രേഖാമൂലംതന്നെ പ്രതിക്കു നല്‍കണമെന്ന് പങ്കജ് ബന്‍സാല്‍ കേസില്‍ കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ നിയമത്തിനു കീഴിലുള്ള അറസ്‌റ്റിലും കാരണങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് മിഹിര്‍ ഷാ കേസിന്റെ വിധിയെ മുന്‍നിര്‍ത്തി ഡോ. രാജീന്ദര്‍ രാജന്‍ കേസിലും കോടതി വ്യക്‌തമാക്കി.
അതേസമയം, അറസ്‌റ്റിന്റെ കാരണം ബോധ്യപ്പെടുത്തണമെങ്കിലും പ്രതിക്ക് രേഖാമൂലംതന്നെ അതു നല്‍കണമെണമെന്നു നിര്‍ബന്ധമില്ലെന്നാണ് വിഹാന്‍ കുമാര്‍ കേസിലെ വിധിയില്‍ പറഞ്ഞിരുന്നത്. വ്യത്യസ്‌ത ബെഞ്ചുകളുടെ വിധിന്യായങ്ങള്‍ തമ്മില്‍ വൈരുധ്യമുള്ളതിനാല്‍ വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു ജസ്‌റ്റിസ് മനോജ് മിശ്രയുടെ ചൂണ്ടിക്കാട്ടല്‍. വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്കു വിടണോയെന്ന കാര്യം കോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഘാലയയില്‍ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സോനം രഘുവംശിക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു.
ഭാരതീയ ന്യായസംഹിതയിലെ കൊലപാതകക്കുറ്റമായ സെക്‌ഷന്‍ 103-നു പകരം നിലവിലില്ലാത്ത സെക്‌ഷന്‍ 403 എന്നു തെറ്റായി രേഖപ്പെടുത്തിയതായിരുന്നു ജാമ്യം ലഭിക്കാനുള്ള കാരണം. ഇത്തരമൊരുക്ല റിക്കല്‍ പിശകിന്റെ പേരില്‍ പ്രതിക്കു ജാമ്യം അനുവദിച്ചതു ശരിയായില്ലെന്ന് മേഘാലയ സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. അറസ്‌റ്റിന്റെ കാരണങ്ങള്‍ പ്രതിയെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ കേവലം വകുപ്പുകള്‍ എഴുതുന്നതിനപ്പുറം ഭര്‍ത്താവിന്റെ കൊലപാതകത്തിലെ പങ്കാളിത്തം പോലെയുള്ള കുറ്റത്തിന്റെ കൃത്യമായ പശ്‌ചാത്തലം പ്രതിയെ ധരിപ്പിക്കുകയാണു വേണ്ടതെന്ന് ജസ്‌റ്റിസ് മിശ്ര ഓര്‍മിപ്പിച്ചു.
രാജ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം 2025 മേയ് 12-നായിരുന്നു. മേഘാലയയില്‍ ഹണിമൂണിനു പോയ ദമ്പതികളെ മേയ് 23-ന് കാണാതായി. നൊംഗ്രിയാറ്റിലെ ഹോംസ്‌റ്റേയില്‍നിന്ന് ഇവര്‍ ഒന്നിച്ചിറങ്ങുന്നതാണ് ആളുകള്‍ അവസാനമായി കണ്ട ദൃശ്യം. പിന്നീട് രാജ രഘുവംശിയെ കൊല്ലപ്പെട്ട നിലയിലാണു കണ്ടെത്തിയത്. കേസ് അതീവ ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ച സുപ്രീം കോടതി, പ്രതിക്കു നല്‍കിയ യഥാര്‍ഥ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് 14-ന് വീണ്ടും പരിഗണിക്കും. നേരത്തെ ജസ്‌റ്റിസ് എം.എം. സുന്ദ്രേഷ് അധ്യക്ഷനായ ബെഞ്ച് പ്രതിയുടെ ജാമ്യം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.




