പട്‌ന: ബിഹാറിലെ തെഹ്‌ത- ജെഹനാബാദ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ 25,000 വോള്‍ട്ട് ഓവര്‍ഹെഡ് ഇലക്‌ട്രിക്കല്‍ (ഒ.എച്ച്.ഇ) കേബിളിന്റെ 100 മീറ്ററോളം മോഷ്‌ടാക്കള്‍ മുറിച്ചുകടത്തി. തിരക്കേറിയ ഗയ- പട്‌ന റെയില്‍ സെക്ഷനില്‍ മൂന്ന് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ സിംഗിള്‍- ലൈന്‍ വര്‍ക്കിങ് ഉപയോഗിച്ചാണ് ഡൗണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്.
തകര്‍ന്ന ഓവര്‍ഹെഡ് ലൈന്‍ റെയില്‍വേ ജീവനക്കാര്‍ മണിക്കൂറുകളെടുത്ത് പുനഃസ്‌ഥാപിച്ചു. രാവിലെ 6.26 ന് ലൈന്‍ ക്ലിയറാണെന്ന അറിയിപ്പുണ്ടായി. മോഷ്‌ടിച്ച വസ്‌തുക്കള്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) പിന്നീട് കണ്ടെടുത്തു. പ്രതികളെ തെരയുകയാണ്.
മുമ്പും സമാനമായ മോഷണങ്ങള്‍ ബിഹാറിലെ ട്രെയിന്‍ സര്‍വീസുകളെ തടസപ്പെടുത്തിയിട്ടുണ്ട്. 2026 മേയില്‍ ദാനാപൂര്‍ സ്‌റ്റേഷന് സമീപം സിഗ്‌നല്‍ കേബിളുകള്‍ മോഷ്‌ടിക്കപ്പെട്ടു. അന്ന് ഒരു ഡസനോളം ട്രെയിനുകള്‍ വൈകി. ഓവര്‍ഹെഡ് കേബിളുകളല്ല, സിഗ്‌നലിങ് കേബിളുകളാണ് അന്നു മോഷ്‌ടിക്കപ്പെട്ടത്.
2024 ജൂലൈയില്‍, പട്‌ന-ഝാഝ റൂട്ടിലെ ഫത്തുഹ റെയില്‍വേ സ്‌റ്റേഷന് സമീപം മുളങ്കമ്പില്‍ ഒരു കവചം ഘടിപ്പിച്ച് ഏകദേശം 39 മീറ്റര്‍ ഓവര്‍ഹെഡ് ഇലക്‌ട്രിക് കേബിള്‍ മോഷ്‌ടാക്കള്‍ മുറിച്ചുമാറ്റി. ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. 2024 ഏപ്രിലില്‍ നടന്ന മറ്റൊരു സംഭവത്തില്‍, നര്‍ക്കതിയാഗഞ്ച്-മുസാഫര്‍പുര്‍ സെക്ഷനിലെ ചന്‍പേഷ്യ, സാതി സ്‌റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ കേബിള്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഓവര്‍ഹെഡ് വൈദ്യുതി കേബിള്‍ പൊട്ടിവീണു. അന്നും അഞ്ച് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം നിലച്ചു.




