
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യെ നേരിൽ സന്ദർശിച്ച് നടൻ അഥർവ. അഥർവ നായകനാകുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഇദയം മുരളി'യുടെ റിലീസിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അഥർവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയും സന്തോഷവുമായിരുന്നുവെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അഥർവയുടെ വാക്കുകളിലേക്ക്:
"ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയും സന്തോഷവുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എപ്പോഴും നമ്മുടെ സ്വന്തം വിജയ് അണ്ണനാണ്. ഈ വലിയ ദിവസത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ സ്‌നേഹവും അനുഗ്രഹവും ലഭിക്കുക എന്നത് എനിക്ക് ലോകത്തിലെ ഏറ്റവും വലിയ കാര്യമാണ്. നന്ദി അണ്ണാ. ഇതിന് വഴിയൊരുക്കിയതിന് ജഗദീഷ് പളനിസാമിക്ക് പ്രത്യേക നന്ദി. യഥാർഥത്തിൽ വിനയാന്വിതനായിരിക്കുന്നു. കൃതജ്ഞതയും ഏറെ പോസിറ്റീവായ ഊർജവും തോന്നുന്നു."
അതേസമയം കയാദു ലോഹർ, പ്രീതി മുകുന്ദൻ എന്നിവരാണ് അഥർവയുടെ 'ഇദയം മുരളി'യിൽ നായികമാരായെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ തമൻ 22 വർഷത്തിനുശേഷം വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ആകാശ് ഭാസ്‌കരൻ സംവിധാനവും നിർമാണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും അതിഥിവേഷത്തിലെത്തുന്നുണ്ട്. നാട്ടി, നിഹാരിക, പ്രഗ്യ നഗ്ര, ഗായിക ജോനിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.






