
ഇൻസ്റ്റഗ്രാമിലെ പുതിയ സബ്‌സ്‌ക്രൈബർ ചാനലിനെക്കുറിച്ച് ആരാധകർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി നടി പായൽ രാജ്പുത്. ഹോട്ട് ചിത്രങ്ങളോ, എക്‌സ്പ്ലിസിറ്റ് ഉള്ളടക്കങ്ങളോ പ്രതീക്ഷിച്ചാണ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതെങ്കിൽ അത് വേണ്ട എന്നാണ് താരം വ്യക്തമാക്കിയത്.
നാല് മില്യണിലധികം ഫോളോവേഴ്‌സാണ് പായൽ രാജ്പുതിന് സോഷ്യൽ മീഡിയയിലുള്ളത്. സബ്‌സ്‌ക്രൈബർ ചാനലിൽ എന്തൊക്കെയാണ് പങ്കുവെക്കുക എന്ന ചോദ്യവുമായി നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അതിനുള്ള മറുപടിയായാണ് ഈ വിശദീകരണമെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പായലിന്റെ പ്രതികരണം.
‘എന്റെ സബ്‌സ്‌ക്രൈബർ ചാനലിൽ ഹോട്ട് ചിത്രങ്ങളോ മറ്റേതെങ്കിലും എക്‌സ്പ്ലിസിറ്റ് ഉള്ളടക്കങ്ങളോ പ്രതീക്ഷിച്ചാണ് നിങ്ങൾ എത്തുന്നതെങ്കിൽ ഇത് നിങ്ങൾക്കുള്ള ഇടമല്ല. എന്നാൽ ക്യാമറയ്ക്ക് പിന്നിലെ എന്റെ യാഥാർഥ്യവും ഫിൽറ്ററുകളില്ലാത്തതുമായ ജീവിതം കാണാനാണ് താല്പര്യമെങ്കിൽ നിങ്ങൾക്ക് സ്വാഗതം. എന്റെ വ്യക്തിപരമായ അതിരുകളെ മാനിക്കുന്നതിന് നന്ദി’ എന്നാണ് പായൽ കുറിച്ചത്.
പായലിന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ പ്രതികരിക്കുന്നത്. വ്യക്തമായ അതിരുകൾ നിശ്ചയിച്ചതിനെയും സുതാര്യമായ സമീപനത്തെയും പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും.
തെലുങ്ക് ചിത്രം 'RX 100'-ലൂടെയാണ് പായൽ രാജ്പുത് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഇന്ദു എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ വഴിത്തിരിവായി. തുടർന്ന് 'വെങ്കി മാമ', 'ഡിസ്‌കോ രാജ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2025-ൽ പുറത്തിറങ്ങിയ 'മംഗളവാരം' എന്ന ക്രൈം ത്രില്ലറിലെ പ്രകടനവും നിരൂപക പ്രശംസ നേടിയിരുന്നു.






