
നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങള്‍ അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുന്ന പരമ്പര എന്ന നിലയിലാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആദ്യ എപ്പിസോഡുകളിലൂടെ തന്നെ കുടുംബപ്രേക്ഷകര്‍ ഈ സിറ്റ്‌കോം പരമ്പരയെ ഹൃദയത്തിലേക്ക് ചേര്‍ത്തു പിടിച്ചു. പിന്നീടതിലെ താരങ്ങള്‍ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുടുംബാംഗങ്ങളായി. ഇടയ്ക്ക് പഴയ താരങ്ങള്‍ പരമ്പരയില്‍ നിന്ന് വിട്ടുപോയപ്പോള്‍ റേറ്റിംഗില്‍ താഴേക്ക് പോയെങ്കിലും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി വീണ്ടും ‘ഉപ്പും മുളകും’ പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറി.
ഉപ്പും മുളകിന്റേയും പുതിയ സീസണില്‍ പുതിയ ആളായി വീട്ടിലേക്ക് എത്തിയ കഥാപാത്രമായിരുന്നു ഗൗരിയമ്മായി. ഗൗരി ഉണ്ണിമായ അവതരിപ്പിച്ച ഈ കഥാപാത്രം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുത്തു. എവിടെ ചെന്നാലും ഗൗരിയെ പ്രേക്ഷകര്‍ കാണുന്നത് ഗൗരിയമ്മായി ആയിട്ടാണ് കാണുന്നത്. ഈ പരമ്പരയാണ് ഗൗരിയെ ജനപ്രിയ താരമാക്കിയത്.
ഇപ്പോഴിതാ താന്‍ ‘ഉപ്പും മുളകും’ പരമ്പരയില്‍ നിന്ന് പിന്മാറുകയാണ് എന്ന് ആരാധകരെ അറിയിക്കുകയാണ് ഗൗരി ഉണ്ണിമായ. കരിയറില്‍ അടുത്ത ചുവടു വയ്ക്കണമെന്നും ഒരു ഫാമിലിയില്‍ പോയി യാത്ര പറയുമ്പോഴുള്ള വിഷമമുണ്ടായിരുന്നുവെന്നും എങ്കിലും അടുത്ത സ്റ്റെപ്പ് എടുത്തു വച്ചല്ലേ പറ്റൂവെന്നും ഗൗരി പറയുന്നു.
‘‘ഉപ്പും മുളകില്‍ നിന്നും ഞാന്‍ പോവുകയാണ്. വേറൊന്നും കൊണ്ടല്ല, കരിയറില്‍ അടുത്ത ചുവട് വെക്കണം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇന്നുവരെ കിട്ടിയ സ്‌നേഹത്തില്‍ ഒരുപാട് നന്ദിയുണ്ട്. ഒരു ഫാമിലിയില്‍ പോയി യാത്ര പറയുമ്പോള്‍ വിഷമം വരില്ലേ, അതുപോലെയൊരു അവസ്ഥയായിരുന്നു. എങ്കിലും അടുത്ത സ്റ്റെപ്പ് എടുത്തു വെച്ചല്ലേ പറ്റൂ.
ഓഡീഷനിലൂടെയായിരുന്നു ഞാൻ ഈ പരമ്പരയിലേക്ക് വന്നത്. ഈ സ്ഥലവും, ആള്‍ക്കാരുമൊക്കെ എനിക്ക് ഒട്ടും പരിചയം ഇല്ലായിരുന്നു. ഞാന്‍ നല്ല ടെന്‍ഷനിലുമായിരുന്നു. ഓഡീഷന്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ ഞാന്‍ ഈ കുടുംബത്തിലെ അംഗമായതാണ്. ഈ സ്ഥലവും, ആളുകളുമൊക്കെ എനിക്ക് ഏറെ സ്‌പെഷലാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. നിങ്ങളുടെ സ്‌നേഹവും, സപ്പോര്‍ട്ടുമൊക്കെ കിട്ടിയത് ഉപ്പും മുളകിലൂടെയാണ്. പാറമട വീടിന്റെ മുകളില്‍ വെച്ചായിരുന്നു ഓഡിഷന്‍.
എല്ലാവരെയും കാണുന്നത് താഴെ വെച്ചായിരുന്നു. അന്ന് പ്രമോ ഷൂട്ടായിരുന്നു അവിടെ. ഈ പരമ്പരയിലേക്ക് വന്നതിന് ശേഷം എല്ലാവരും എന്നെ അവരുടെ കുടുംബം പോലെയാണ് കാണുന്നത്. പുറത്തൊക്കെ പോവുമ്പോള്‍ എല്ലാവരും വന്ന് സംസാരിക്കും. അക്കാര്യത്തില്‍ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്...’’ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ട വീഡിയോയില്‍ ഗൗരി ഉണ്ണിമായ പറഞ്ഞു. വീഡിയോയുടെ കമന്റ് ബോക്സില്‍ നിറയെ ഗൗരി പോകുന്നതിന്റെ സങ്കടം ആരാധകര്‍ കുറിക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊരു തീരുമാനമെന്നും തങ്ങള്‍ ഗൗരിയമ്മായിയെ നന്നായി മിസ് ചെയ്യുമെന്നും പലരും കുറിക്കുന്നുണ്ട്. തിരിച്ചു വരാന്‍ കഴിയുമെങ്കില്‍ വരണമെന്ന് കുറിക്കുന്നവരും കുറവല്ല.






