തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിഴിഞ്ഞം പദ്ധതിയില്‍ സംസ്‌ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്നും അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി സെബിയെ സമീപിച്ചതിലുള്ള അതൃപ്‌തി സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ഈ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എന്ത് തെറ്റാണ് ചെയ്‌തതെന്ന് വ്യക്‌തമാക്കാന്‍ പ്രതിപക്ഷ നേതാവിനെ അദ്ദേഹം വെല്ലുവിളിച്ചു.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്‌ഥാനം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാനെന്നും സതീശന്‍ കത്തില്‍ വ്യക്‌തമാക്കി.
പിണറായി വിജയന്‍ നേതൃത്വം നല്‍കിയിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ 2025ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എം.എസ്.സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ അന്നു മുതലേ ഓഹരി കൈമാറ്റത്തിനായുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് കരുതേണ്ടി വരില്ലേ എന്നും സതീശന്‍ ചോദിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപമെന്ന് ജൂലൈ ഒന്നിന് സി.പി.എം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവല്ലേ? അതിനും മുന്‍പ് ജൂണ്‍ 5ന് പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത 'വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെര്‍മിനല്‍' എന്നാണ്. 49 ശതമാനം ഓഹരിയാണ് എം.എസ്.സി ലക്ഷ്യമിടുന്നതെന്നും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എം.എസ്.സി പ്രതിനിധികളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാര്‍ത്തയിലുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സി.പി.എമ്മും അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കുമോ? - എന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഓഹരി കൈമാറ്റ നടപടികള്‍ ആരംഭിച്ചതെന്നും ഇക്കാര്യത്തില്‍ അവരെ അതൃപ്‌തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈ ഒന്നിനാണ് അനുമതി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനു കത്തു നല്‍കിയത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്‌തി തൊട്ടടുത്ത ദിവസം തന്നെ സംസ്‌ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചു.
മൂന്നിന് അദാനി കമ്പനി മറ്റൊരു കത്ത് സര്‍ക്കാരിന് നല്‍കി. ഇക്കാര്യം എട്ടിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
സംസ്‌ഥാന താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും അദ്ദേഹം വിശദമാക്കി.
അദാനി വിഴിഞ്ഞം പോര്‍ട്ട് ൈപ്രവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനത്തിന്റെ ഓഹരിയാണ് എം.എസ്.സി ഗ്രൂപ്പിന് കൈമാറാന്‍ ശ്രമിക്കുന്നത്.
ഈ കമ്പനിയില്‍ മുഖ്യ ഓഹരി പങ്കാളിയായ സര്‍ക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണം. ഇത് തെറ്റാണ്. അദാനി വിഴിഞ്ഞം പോര്‍ട്ട് ൈപ്രവറ്റ് ലിമിറ്റഡില്‍ സംസ്‌ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കണ്‍സഷനെയര്‍ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. കരാറിലെ ക്ലോസ് 5.8 പ്രകാരം കോമണ്‍ യൂസര്‍ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും അനുമതികള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.





