കൊച്ചി: പാലക്കാട് അഹല്യ ആശുപത്രിയില്‍ 11 മാസം പ്രായമുള്ള ശിശു കുടല്‍ ദൈര്‍ഘ്യവര്‍ധന ശസ്‌ത്രക്രിയക്കു വിധേയയായി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്‌ത്രക്രിയ നടത്തുന്നതെന്ന് അഹല്യ ആശുപത്രി അധികൃതര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനിച്ചയുടന്‍ പച്ചനിറത്തിലുള്ള ഛര്‍ദിയുണ്ടായതോടെ കുഞ്ഞിനെ അഹല്യ ആശുപത്രിയിലെ എന്‍.ഐ.സി യുവിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് ശിശുരോഗ ശസ്‌ത്രക്രിയാ വിദഗ്‌ധനായ ഡോ. മുത്തുലിംഗത്തിന്റെ പരിശോധനയിലാണ് അത്യപൂര്‍വവും ഗുരുതരവുമായ കുടല്‍വൈകല്യം കണ്ടെത്തിയത്. ദൈര്‍ഘ്യം വളരെ കുറഞ്ഞ ചെറിയ കുടല്‍ഭാഗങ്ങള്‍ മാത്രമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. ലഭ്യമായവ പരമാവധി സംരക്ഷിച്ചു നടത്തിയ പുനര്‍നിര്‍മാണ ശസ്‌ത്രക്രിയക്കുശേഷവും കുടലിന്റെ നീളം 15 സെന്റിമീറ്റര്‍ മാത്രമായിരുന്നു.
സാധാരണ നവജാതശിശുവില്‍ ഇത് 150-180 സെന്റിമീറ്റര്‍ വരെയാണ്. മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കുഞ്ഞിന് വീണ്ടും രണ്ട് അടിയന്തിര ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. പിന്നീട് ശിശുരോഗ വിദഗ്‌ധരായ ഡോ. പത്മേഷ് വടക്കേപ്പാട്ട്, ഡോ. രത്‌നപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സ തുടര്‍ന്നു. ടോട്ടല്‍ പാരന്റല്‍ ന്യുട്രീഷന്‍ ചികിത്സയെ പൂര്‍ണമായും ആശ്രയിക്കേണ്ടി വന്ന കുഞ്ഞ് പ്രത്യേകം തയാറാക്കിയ ലാമിനാര്‍ എയര്‍ ഫ്‌ളോ ചേംബറിലാണു കഴിഞ്ഞതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന് 11 മാസം പ്രായമായപ്പോഴാണ് അഹല്യ വിമെന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ആറുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ നടത്തിയത്. കുടല്‍ ദൈര്‍ഘ്യവര്‍ധന ശാസ്‌ത്രക്രിയകളില്‍ ആഗോളപ്രശസ്‌തരായ ദുബായില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ശസ്‌ത്രക്രിയാ വിദഗ്‌ധന്‍ ഡോ. ബാസം എ ഖലീല്‍, ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സലിം മമ്മു എന്നിവര്‍ ഇന്ത്യയിലെത്തി ശസ്‌ത്രക്രിയക്കു നേതൃത്വം നല്‍കി. സാമ്പത്തിക ചെലവുകള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണു കണ്ടെത്തിയത്. ഇപ്പോള്‍ കുഞ്ഞിന്റെ നില തൃപ്‌തികരമാണെന്ന് ഡോ. പത്മേഷ് പറഞ്ഞു.
അഹല്യ ആശുപത്രി ചീഫ് മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. സുരേഷ് ബാബു, നവജാത ശിശുരോഗ വിഭാഗം മേധാവി ഡോ. പത്മേഷ് വടക്കേപ്പാട്ട്, അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രീത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





