
കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിനിരയായവര്‍ക്കുള്ള നഷ്‌ടപരിഹാരം സര്‍ക്കാര്‍ ഉടന്‍ കൈമാറണമെന്നു ഹൈക്കോടതി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് എത്രയും വേഗം വിട്ടുനല്‍കണം. പരുക്കേറ്റവരുടെ ചികിത്സാച്ചെലവും സഹായികളുടെ ചെലവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
നഷ്‌ടപരിഹാരത്തുകയും ആശുപത്രിച്ചെലവും തുരങ്കപാത കരാര്‍ കമ്പനിയില്‍നിന്ന് ഈടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും പരസ്‌പരം പഴിചാരാനുള്ള സമയമല്ല ഇതെന്നും ജസ്‌റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും എ.കെ. പ്രീതയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്‌തമാക്കി. നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കിയശേഷം 17-ന് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിക്കൊപ്പമാണ് കള്ളാടി വിഷയവും പരിഗണിച്ചത്. തെരച്ചിലിനു നേതൃത്വം നല്‍കാന്‍ മന്ത്രിമാരടക്കം സ്‌ഥലത്തുണ്ടെന്നു സര്‍ക്കാര്‍ വിശദീകരിച്ചു. മണ്ണിടിച്ചില്‍ ആറുപേര്‍ മരിച്ചു. രണ്ടുപേരെ കണ്ടെത്താനുണ്ട്. ഒമ്പതുപേര്‍ ചികിത്സയിലാണ്. കോഴിക്കോട്-വയനാട് ഇരട്ടത്തുരങ്കപാത
പദ്ധതിയുടെ കവാടത്തിലാണ് മണ്ണിടിഞ്ഞത്. പ്രദേശത്ത് 226 മില്ലീമീറ്റര്‍ അതിശക്‌തമഴ പെയ്‌തതാണ് അപകടത്തിനു പ്രധാനകാരണം. പദ്ധതി പ്രദേശത്തു കൂട്ടിയിട്ട മണ്ണ് നീക്കംചെയ്യാന്‍ നടത്തിപ്പുകാരായ കൊങ്കണ്‍ റെയില്‍വേയുടെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിരുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കഴിഞ്ഞമാസം 26-ന് നിര്‍ദേശം നല്‍കിയിരുന്നു. അപകടകാരണം ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി അധ്യക്ഷനായ സമിതിയും പാരിസ്‌ഥിതികാനുമതി വ്യവസ്‌ഥകള്‍ കൊങ്കണ്‍ റെയില്‍വേ പാലിച്ചിരുന്നോയെന്ന് പരിസ്‌ഥിതി വകുപ്പ് സെക്രട്ടറിയും അന്വേഷിക്കും. സമിതികളുടെ ശിപാര്‍ശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.




