
കൊച്ചി: സമുദ്ര ഉഷ്‌ണതരംഗങ്ങള്‍ക്കു കാരണമാകുന്ന എല്‍നിനോ പ്രതിഭാസംമൂലം അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയില്‍ വന്‍തോതില്‍ കുറവുണ്ടാകാനിടയുണ്ടെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനം (സി.എം.എഫ്.ആര്‍.ഐ).
കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മീനുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതു രാജ്യത്താകെ സമുദ്രമത്സ്യ ലഭ്യതയില്‍ ഇടിവുണ്ടാക്കും.
തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കും.
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ശക്‌തിപ്പെടുമെന്നു കരുതുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളില്‍ പ്രകടമാകുമെന്നു സി.എം.എഫ്.ആര്‍.ഐ. ഡയറക്‌ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. എല്‍ നിനോയുടെ പശ്‌ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായി ഈ വര്‍ഷംതന്നെ സി.എം.എഫ്.ആര്‍.ഐ. പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. കടുത്ത ചൂടിനും ഉയര്‍ന്ന ലവണാംശത്തിനുംശേഷം പെട്ടെന്നുണ്ടാകുന്ന മഴ, തീരദേശങ്ങളിലും കായലുകളിലും ലവണാംശം പെട്ടെന്നു മാറിമറിയുന്നതിനു കാരണമാകും. ഇതു മത്സ്യക്കൃഷിയെ സാരമായി ബാധിക്കാനിടയുള്ളതിനാല്‍ തീരദേശ മത്സ്യ കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.




