
രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി കുറയ്‌ക്കുക, വിദേശനാണയെച്ചലവ് ലഘൂകരിക്കുക, കര്‍ഷകര്‍ക്ക് അധിക വരുമാനമാര്‍ഗം സൃഷ്‌ടിക്കുക, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കുക-ഇവയെല്ലാം ലക്ഷ്യമിട്ടാണ് ഇന്ത്യ രണ്ടര പതിറ്റാണ്ട് മുമ്പ് എഥനോള്‍ മിശ്രണ പദ്ധതി ആരംഭിച്ചത്. ഇന്ന് ആ പദ്ധതി 'ഇ20'യിലും 'ഇ85'ലും എത്തിനില്‍ക്കുമ്പോള്‍, അത് സാങ്കേതികവിദ്യയുടെയും ഊര്‍ജനയത്തിന്റെയും വിഷയത്തില്‍നിന്ന് ജനങ്ങളുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒരു പൊതുനയചര്‍ച്ചയായി മാറിയിരിക്കുന്നു. ഏതു ദേശീയ നയത്തിന്റെയും വിജയം അതിന്റെ പ്രഖ്യാപനത്തിലല്ല, ജനങ്ങളുടെ വിശ്വാസത്തിലാണ്. ആ വിശ്വാസത്തിന് വിള്ളലേല്‍ക്കുമ്പോഴാണ് സംശയങ്ങളും പ്രതിഷേധങ്ങളും ഉയരുന്നത്. എഥനോള്‍ നയത്തൈച്ചാല്ലി ഇന്ന് ഉയരുന്ന വിവാദങ്ങളെ ആ പശ്‌ചാത്തലത്തില്‍ തന്നെയാണ് കാണേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ പറയുന്നത് വ്യക്‌തമാണ്. എഥനോള്‍ മിശ്രിതം എണ്ണ ഇറക്കുമതി കുറയ്‌ക്കും, പരിസ്‌ഥിതി സംരക്ഷണത്തിന് സഹായിക്കും, കരിമ്പ് ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കും, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. വര്‍ഷങ്ങളായി വിവിധ ഘട്ടങ്ങളിലൂടെ നടപ്പാക്കിയ പദ്ധതിയുടെ സ്വാഭാവികമായ അടുത്ത ചുവടുവയ്‌പാണ് ഇ20യെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ചില വാഹനനിര്‍മാതാക്കളും ഈ നിലപാടിനെ പിന്തുണയ്‌ക്കുന്നുണ്ട്.
എന്നാല്‍, മറുവശത്തുള്ള ആശങ്കകളെയും അത്രതന്നെ ഗൗരവത്തോടെ കേള്‍ക്കേണ്ടതുണ്ട്. വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയുമെന്ന മുന്നറിയിപ്പ് മുമ്പ് വാഹനനിര്‍മാതാക്കളുടെ സംഘടന തന്നെ നല്‍കിയിരുന്നു. പഴയ വാഹനങ്ങളുടെ എന്‍ജിനുകളെ എഥനോള്‍ ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനും വ്യക്‌തമായ പൊതുവിശ്വാസം ഇതുവരെ രൂപപ്പെട്ടിട്ടില്ല. എഥനോളിന്റെ ജലാംശം ആകര്‍ഷിക്കുന്ന സ്വഭാവം, ഇന്ധനസംഭരണത്തിലും എന്‍ജിന്‍ പരിപാലനത്തിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍, അറ്റകുറ്റപ്പണിച്ചെലവ് വര്‍ധിക്കുമോയെന്ന ആശങ്ക-ഇവയെല്ലാം വെറും സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍ മാത്രമായി തള്ളിക്കളയാന്‍ കഴിയില്ല. സ്വതന്ത്രമായ ശാസ്‌ത്രീയ പഠനങ്ങളും ദീര്‍ഘകാല ഫീല്‍ഡ് ഡേറ്റയും ഉപയോഗിച്ചാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത്.
ഇവിടെ മറ്റൊരു പ്രധാന വിഷയം താല്‍പര്യസംഘര്‍ഷത്തെക്കുറിച്ചുള്ള പൊതുധാരണയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികള്‍ എഥനോള്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നു. രാജ്യത്തെ ആകെ ഉത്‌പാദനത്തില്‍ തങ്ങളുടെ പങ്ക് വളരെ ചെറുതാണെന്നും ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈ വാദപ്രതിവാദങ്ങളുടെ സത്യാവസ്‌ഥ നിയമപരമായും വസ്‌തുതാപരമായും വിലയിരുത്തേണ്ടതാണ്. എന്നാല്‍, ജനാധിപത്യത്തില്‍ അതിലും പ്രധാനപ്പെട്ടത് പൊതുജനങ്ങളുടെ വിശ്വാസമാണ്. പൊതുപദവിയിലുള്ളവരുടെ തീരുമാനങ്ങള്‍ വ്യക്‌തിപരമായോ കുടുംബപരമായോ സാമ്പത്തിക താല്‍പര്യങ്ങളില്‍നിന്ന് പൂര്‍ണമായും മുക്‌തമാണെന്ന വിശ്വാസം നിലനിര്‍ത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സംശയങ്ങള്‍ ഉയരുമ്പോള്‍ കൂടുതല്‍ സുതാര്യതയിലൂടെയാണ് അവയെ നേരിടേണ്ടത്.
എഥനോള്‍ നയത്തിന്റെ സാമ്പത്തികവശവും സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുമെന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ ഭക്ഷ്യവിളകളുടെ ഉപയോഗം, ജലലഭ്യത, കരിമ്പ് കൃഷിയുടെ വ്യാപനം, ഭക്ഷ്യസുരക്ഷ, വിവിധ വിളകളുടെ വിപണിവില-ഇവയെല്ലാം തമ്മില്‍ ബന്ധപ്പെട്ട വിഷയങ്ങളാണ്. ഊര്‍ജനയവും കാര്‍ഷികനയവും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്.
ലോകത്തിന്റെ അനുഭവങ്ങളും പഠിക്കേണ്ടതുണ്ട്. ബ്രസീലും അമേരിക്കയും എഥനോള്‍ ഉപയോഗത്തില്‍ ദീര്‍ഘകാല പരിചയമുള്ള രാജ്യങ്ങളാണ്. എന്നാല്‍, അവിടുത്തെ വാഹനസാങ്കേതികവിദ്യയും ഇന്ധനവിതരണ സംവിധാനവും കാലാവസ്‌ഥയും ഇന്ത്യയുടേതില്‍നിന്ന് വ്യത്യസ്‌തമാണ്. അതുകൊണ്ട് വിദേശമാതൃകകളെ അതേപടി സ്വീകരിക്കുന്നതിനു പകരം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സ്വതന്ത്ര വിലയിരുത്തലാണ് ആവശ്യമായത്.
ഇവിടെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കപ്പെടേണ്ടത് സാധാരണ വാഹന ഉടമയുടെ താല്‍പര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ വാഹനമുള്ള ഒരാള്‍ക്ക് പുതിയ നയത്തിന്റെ മുഴുവന്‍ സാമ്പത്തികഭാരം ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകരുത്. പഴയ വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധനം തുടര്‍ന്നും ലഭ്യമാക്കാനാകുമോ, അല്ലെങ്കില്‍ ആവശ്യമായ സാങ്കേതികമാറ്റങ്ങള്‍ക്ക് എന്തെങ്കിലും സഹായപദ്ധതികള്‍ ഉണ്ടാകുമോ എന്നതിലും വ്യക്‌തത വേണം.
ഒരു പൊതുനയത്തെ വിമര്‍ശിക്കുന്നവരെ പുരോഗതിവിരുദ്ധരായി ചിത്രീകരിക്കുന്നതും അതിനെ പിന്തുണയ്‌ക്കുന്നവരെ വ്യവസായലോബിയുടെ വക്‌താക്കളായി മുദ്രകുത്തുന്നതും ഒരുപോലെ തെറ്റാണ്. പൊതുജനാരോഗ്യം, പരിസ്‌ഥിതി, സമ്പദ്‌വ്യവസ്‌ഥ, ഉപഭോക്‌തൃ അവകാശങ്ങള്‍ എന്നിവയെ ഒരുപോലെ പരിഗണിക്കുന്ന വസ്‌തുനിഷ്‌ഠമായ സംവാദമാണ് രാജ്യത്തിന് വേണ്ടത്.
ഇന്ത്യയുടെ ഊര്‍ജഭാവിയില്‍ എഥനോളിന് നിര്‍ണായക സ്‌ഥാനമുണ്ടാകാം. അതിനെ പൂര്‍ണമായും തള്ളിക്കളയുന്നതും യുക്‌തിയല്ല. എന്നാല്‍, ഒരു നയം ദേശീയതലത്തില്‍ നിര്‍ബന്ധമാക്കുമ്പോള്‍ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് സമ്പൂര്‍ണമായ വിവരങ്ങള്‍ നല്‍കുകയും സ്വതന്ത്ര വിദഗ്‌ധസമിതികളുടെ പരിശോധനയ്‌ക്ക് വിധേയമാക്കുകയും വേണം. സര്‍ക്കാര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ യാഥാര്‍ഥ്യത്തില്‍ ഉപഭോക്‌താക്കള്‍ക്കും ലഭിക്കുന്നുണ്ടോ എന്ന് തുടര്‍ച്ചയായി വിലയിരുത്തുകയും വേണം.
ഊര്‍ജസ്വാതന്ത്ര്യം ഇന്ത്യയുടെ അനിവാര്യമായ ലക്ഷ്യമാണ്. പക്ഷേ ആ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുത്തിക്കൊണ്ടാകരുത്. എഥനോള്‍ നയം യഥാര്‍ഥത്തില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമാണെങ്കില്‍ അതിന് തെളിവുകള്‍ നിരത്തി സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. മറിച്ച് സാധാരണ ജനങ്ങള്‍ക്ക് സാമ്പത്തികമായോ സാങ്കേതികമായോ ദീര്‍ഘകാല ദോഷഫലങ്ങള്‍ ഉണ്ടാകുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിക്കുന്നുവെങ്കില്‍, ഒരു നയവും തിരുത്താനോ പുനഃപരിശോധിക്കാനോ മടിക്കരുത്. കാരണം, ഒരു സര്‍ക്കാരിന്റെ ഏറ്റവും വലിയ ബാധ്യത ഒരു പദ്ധതി വിജയിപ്പിക്കലല്ല;ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കലാണ്.



