
മൂവാറ്റുപുഴ: കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ റേഞ്ചിലെ രണ്ട് ഗ്രൂപ്പുകളില്‍ വ്യാജ രേഖ ഉപയോഗിച്ചതായി കണ്ടെത്തി. കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നടപടികളില്‍ വന്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങളാണ് വിവരാവകാശ രേഖ വഴി പുറത്ത് വന്നത്. മരിച്ചവരുടെ പേരില്‍ വ്യാജ സമ്മത പത്രങ്ങള്‍ ചമച്ചും ഒരു പന പോലും ഇല്ലാത്ത പറമ്പുകളില്‍ നിന്ന് കള്ള് ചെത്താന്‍ അനുമതി വാങ്ങിയും ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ടില്‍ വന്‍ തിരിമറി നടന്നതായി രേഖകളില്‍ വ്യക്തം.
മൂവാറ്റുപുഴ എക്‌സൈസ് റേഞ്ചിന് കീഴില്‍ ഒരേ കൈയക്ഷരത്തില്‍ 14 സമ്മതപത്രങ്ങള്‍ വരെ തയാറാക്കി നല്‍കിയതിന്റെ രേഖകളും പുറത്തുവന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു മരിച്ചവര്‍ പോലും കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങളുടെ തോട്ടത്തില്‍ നിന്ന് കള്ള് ചെത്താന്‍ ലൈസന്‍സിക്ക് സമ്മതപത്രം ഒപ്പിട്ടു നല്‍കിയതായാണ് രേഖകളിലുള്ളത്.
2017 ല്‍ അന്തരിച്ച വ്യക്തി ഇക്കഴിഞ്ഞ മാര്‍ച്ച് 20 ന് സ്ഥലം ഉടമ എന്ന നിലയില്‍ ഒപ്പിട്ടു നല്‍കി. 2020 ലും 2025 ലും മരിച്ചവര്‍ മൂന്ന് മാസം മുമ്പു സ്വന്തം പനയില്‍നിന്ന് കള്ള് ചെത്താന്‍ അനുമതി പത്രം നല്‍കിയതായും രേഖകളില്‍ കാണിക്കുന്നു. ഏറ്റവും വിചിത്രം ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് മരിച്ചയാള്‍ വെറും പത്തു ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 20 ന് നേരിട്ടെത്തി ഒപ്പിട്ടു എന്ന നിലയിലാണ് വ്യാജരേഖ ചമച്ചിരിക്കുന്നത്. തങ്ങളുടെ പൂര്‍വികരുടെ പേരില്‍ ഇത്തരമൊരു തട്ടിപ്പ് നടക്കുന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള്‍ പോലും അറിഞ്ഞിട്ടില്ല. ഒരു കള്ള് ഷാപ്പിന് പ്രവര്‍ത്തന ലൈസന്‍സ് ലഭിക്കണമെങ്കില്‍ കര്‍ശനമായ ചില നിയമ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഈ വ്യവസ്ഥകള്‍ മറികടക്കാനാണ് വ്യാജരേഖകള്‍ നിര്‍മിക്കുന്നത്.
ഒരു ഷാപ്പിന് ചുരുങ്ങിയത് 50 പനകള്‍ ഉണ്ടായിരിക്കണം. ഒരു തൊഴിലാളിക്ക് ചുരുങ്ങിയത് 10 പന എന്ന തോതില്‍ 5 ചെത്തുതൊഴിലാളികളും ഒരു വില്‍പ്പനക്കാരനും അടക്കം 6 അംഗീകൃത തൊഴിലാളികള്‍ നിര്‍ബന്ധമാണ്. യഥാര്‍ത്ഥ തൊഴിലാളികളെ നിയമിച്ചാല്‍ അവര്‍ക്ക് ശമ്പളം, ബോണസ്, പി.എഫ്. എന്നിവയുള്‍പ്പെടെ ഒരു വര്‍ഷം ഒരാള്‍ക്ക് അഞ്ച് ലക്ഷത്തോളം രൂപ ലൈസന്‍സി ചെലവഴിക്കേണ്ടി വരും. ഈ തുക ലാഭിക്കാനാണ് ലൈസന്‍സികള്‍ വ്യാജ തൊഴിലാളികളെ പേപ്പറില്‍മാത്രം സൃഷ്ടിക്കുന്നത്. ഇത്രയും തൊഴിലാളികള്‍ക്ക് ചെത്താന്‍ ആവശ്യമായ പനകള്‍ കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴാണ് വ്യാജ സമ്മതപത്രങ്ങള്‍ നിര്‍മിക്കുന്നത്.
മൂവാറ്റുപുഴ റേഞ്ചിലെ ഗ്രൂപ്പ് 9, ഗ്രൂപ്പ് 12 എന്നിവയില്‍ ഉള്‍പ്പെടുന്ന ഷാപ്പുകള്‍ക്കായി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കിയ 30 സമ്മതപത്രങ്ങളില്‍ 4 എണ്ണം മരിച്ചുവരുടെ പേരിലാണ്. ഇതില്‍ 9 എണ്ണത്തില്‍ പറയുന്ന ഭൂമിയില്‍ പരിശോധിച്ചാല്‍ ഒരു പന പോലും ഇല്ലെന്നതാണ് വസ്തുത. സമ്മത പത്രം നല്‍കിയവരുടെ പറമ്പുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ ലൈസന്‍സ് അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍, മരിച്ചവരുടെ ഒപ്പും പനയില്ലാത്ത പറമ്പുകളും രേഖകളില്‍ യഥാര്‍ത്ഥം ആയി മാറിയതിന് പിന്നില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയും രാഷ്ട്രീയ സ്വാധീനവുമുണ്ടെന്നത് വ്യക്തമാണ്. ലക്ഷങ്ങളുടെ അഴിമതിപ്പണമാണ് ഇതു വഴി മറിയുന്നത്.
പരാതിക്ക് പീന്നില്‍ വ്യക്തിപരമായ തര്‍ക്കമാണന്ന് എക്‌സൈസ് റയിഞ്ച് ഓഫീസര്‍ പ്രതികരിച്ചു. ഒരു തൊഴിലാളിയും ലൈസന്‍സിയും തമ്മില്‍ പണമിടപാടുകളെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിഷയത്തെ വളരെ ലഘുവായാണ് കാണുന്നത്, അല്ലാതെ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഭൂമി സംബന്ധമായ പേപ്പര്‍ വര്‍ക്കുകളും രേഖകളും എല്ലാം കൃത്യമായി തന്നെയാണ് നല്‍കിയിട്ടുള്ളത്. വര്‍ഷങ്ങളായി തുടരുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത് നടന്നിട്ടുള്ളത്.
മരിച്ച വ്യക്തികളുടെ പേരില്‍ ഇപ്പോഴും ഭൂമി കിടക്കുന്നു എന്ന രീതിയിലുള്ള ആരോപണങ്ങളില്‍ സാങ്കേതികമായി തെറ്റില്ല. ഒരാള്‍ മരിച്ചാലും ഭൂമി ഉടന്‍ തന്നെ മക്കളുടെ പേരിലേക്ക് മാറണമെന്നില്ല. അതിന് പ്രമാണങ്ങള്‍ എഴുതി മാറാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. ഈ പ്രക്രിയയിലൂടെ സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. നിയമപരമായ എല്ലാ കാര്യങ്ങളും സാമ്പിളുകളും പരിശോധിച്ചാണ് മുന്നോട്ട് പോകുന്നത്.






