
മുംബൈ: ടെലിവിഷൻ താരം രോഹിത് ചന്ദേലിനെ മുംബൈ പോലീസ് പോസ്കോ കേസിൽ അറസ്റ്റ് ചെയ്തു.'പാണ്ഡ്യ സ്റ്റോർ', 'കാശിബായ് ബാജിറാവു ബല്ലാൻ' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയനായ താരമാണ് 16 വയസ്സുകാരിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്.
പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തതിനും, മാനസികമായി പീഡിപ്പിച്ചതിനും, ശാരീരികമായി ഉപദ്രവിച്ചതിനുമാണ് നടപടി. നടനെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഹിത് ചന്ദേൽ പെൺകുട്ടിയുടെ വ്യക്തിഗത ഫോൺ നമ്പറിലേക്കും മറ്റ് പല നമ്പറുകളിലേക്കും നിരന്തരം വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി പരാതിയിൽ പറയുന്നു. കൂടാതെ, ജൂലൈ 5-ന് മുംബൈയിലെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള പെൺകുട്ടിയുടെ വീടിന് സമീപത്തുവെച്ച് നടൻ കുട്ടിയെ സമീപിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ജൂലൈ 10 വെള്ളിയാഴ്ച ദഹിസറിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് 29-കാരനായ നടനെ പോലീസ് പിടികൂടിയത്. തുടർന്ന് പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വിട്ടു.






