
ന്യൂഡല്‍ഹി: സ്വയം വാദിക്കാനെത്തിയ ഹര്‍ജിക്കാരന്‍ അക്രമാസക്‌തനായതിനേത്തുടര്‍ന്ന് സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങള്‍. കോടതിമുറിയില്‍ ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിനെ അസഭ്യം പറയുകയും കേസ് രേഖകള്‍ കീറിയെറിയുകയും ചെയ്‌തയാളെ സുരക്ഷാജീവനക്കാര്‍ പിടികൂടി പുറത്താക്കി.
ഇന്നലെ രാവിലെ പതിനൊന്നോടെ ജസ്‌റ്റിസുമാരായ കെ.വി. വിശ്വനാഥനും അലോക് അരാധെയും ഉള്‍പ്പെട്ട ബെഞ്ചിനു മുമ്പാകെയായിരുന്നു പ്രബല്‍ പ്രതാപ് എന്ന ഹര്‍ജിക്കാരന്റെ പരാക്രമം. അഭിഭാഷകനില്ലാതെ, കോടതിയില്‍ സ്വയം ഹാജരായ ഇയാള്‍ വാദമാരംഭിച്ചതുതന്നെ ജഡ്‌ജിമാരെ 'ജുഡീഷ്യല്‍ വേലക്കാരേ' (ജുഡീഷ്യല്‍ സെര്‍വന്റ്‌സ്) എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു. ഇത് കേട്ട് അമ്പരന്ന കോടതിക്ക് വാക്കാല്‍ ഉത്തരവ് നല്‍കുകയാണ് പ്രബല്‍ അടുത്തതായി ചെയ്‌തത്.
''സൈബര്‍ ൈക്രം സിന്‍ഡിക്കേറ്റ് നടത്തുന്ന ലഖ്‌നൗ എ.എസ്.പിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യാന്‍ നിങ്ങളോട് ഞാന്‍ ഉത്തരവിടുന്നു''- പ്രബല്‍ പറഞ്ഞു.
''നിങ്ങള്‍ ഞങ്ങളോട് ഉത്തരവിടുന്നോ?'' എന്നായിരുന്നു അമ്പരപ്പോടെ ജസ്‌റ്റിസ് വിശ്വനാഥന്റെ പ്രതികരണം. ഇതോടെ ഇയാള്‍ ചീഫ് ജസ്‌റ്റിസിനെതിരേ ചീത്തവിളി തുടങ്ങി. കൈയിലുണ്ടായിരുന്ന കേസ് രേഖകള്‍ കീറിയെറിഞ്ഞു.
ഇത്രയുമായതോടെ സുരക്ഷാജീവനക്കാരെത്തി പ്രബല്‍ പ്രതാപിനെ കോടതിമുറിക്കു പുറത്തേക്കു കൊണ്ടുപോയി.
കോടതിയില്‍ പരാതിക്കാരന്‍ നടത്തിയ പരാക്രമം വിവരിച്ചുള്ള ഉത്തരവാണ് കോടതി പിന്നീട് പുറപ്പെടുവിച്ചത്. പരാതിക്കാരന്റെ മാനസികാവസ്‌ഥ പരിഗണിച്ച്, അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുന്നില്ലെന്നും കോടതി വ്യക്‌തമാക്കി. കോടതിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോയ ഹര്‍ജിക്കാരനെ ഡി.എസ്.പി. ഓഫീസില്‍ കുറച്ചുസമയം കസ്‌റ്റഡിയില്‍വച്ചു.
എന്നാല്‍, കോടതിയലക്ഷ്യമടക്കം ഇയാള്‍ക്കെതിരേ ഒരു നടപടിയുമെടുക്കേണ്ടെന്നായിരുന്നു കോടതി നിര്‍ദേശം.
ലഖ്‌നൗ എ.എസ്.പിക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളുകയും ചെയ്‌തു. 'അയാള്‍ വളരെ അസ്വസ്‌ഥനായിരുന്നു. ഞങ്ങള്‍ക്ക് അയാളോട് സഹതാപമേയുള്ളൂ'- ജസ്‌റ്റിസ് വിശ്വനാഥന്‍ പറഞ്ഞു.
ലഖ്‌നൗവിലെ സ്‌പെഷ്യല്‍ സി.ജെ.എം. (കസ്‌റ്റംസ്) കോടതി ഉത്തരവിനെതിരേ സമര്‍പ്പിച്ച റിട്ട് ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയതിനേത്തുടര്‍ന്നാണ് പ്രബല്‍ പ്രതാപ് സുപ്രീം കോടതിയെ സമീപിച്ചത്.



