
ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുകയാണെന്ന് ടെഹ്‌റാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, ഞായറാഴ്ച പുലർച്ചെ ഇറാന് നേരെ യുഎസ് പുതിയ റൗണ്ട് വ്യോമാക്രമണങ്ങൾ നടത്തി. അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വെടിയുതിർത്തതിന് ശേഷമാണ് കടലിടുക്ക് അടയ്ക്കുന്നതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് പ്രഖ്യാപിച്ചത്. തങ്ങളുടെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അവഗണിച്ച് നിരവധി കപ്പലുകൾ അംഗീകൃത പാതയിൽ നിന്ന് മാറി സഞ്ചരിച്ചതായി ഇറാൻ അവകാശപ്പെട്ടു. അതിലൊന്നിലേക്ക് മുന്നറിയിപ്പ് വെടിയുതിർക്കുകയും കപ്പൽ തടയുകയും ചെയ്തുവെന്ന് അവർ പറഞ്ഞു.
ഈ സംഭവത്തെത്തുടർന്ന്, മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ അവസാനിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്നും ഒരു കപ്പലിനെയും ഇതിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ട റെവല്യൂഷണറി ഗാർഡ്സിന്റെ പ്രസ്താവനയിൽ പറയുന്നു. ഈ സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രതികാരം ഉണ്ടായാൽ അതിന് കടുത്ത മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഈ പ്രഖ്യാപനം വന്ന് തൊട്ടുപിന്നാലെ, ഈ ആഴ്ചയിലെ മൂന്നാമത്തെ റൗണ്ട് ആക്രമണം യുഎസ് ഇറാന് നേരെ നടത്തി. കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന സൈപ്രസ് പതാക വഹിച്ച കണ്ടെയ്നർ കപ്പലിനെ ടെഹ്‌റാൻ പരസ്യമായി ആക്രമിച്ചു എന്ന് യുഎസ് കുറ്റപ്പെടുത്തി. കപ്പലിലെ ഒരു സാധാരണ ജീവനക്കാരനെ കാണാതായിട്ടുണ്ടെന്നും, കപ്പലിന്റെ എഞ്ചിൻ റൂമിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും തീപിടിക്കുകയും ചെയ്തതിനാൽ യാത്ര തുടരാനാവാത്ത അവസ്ഥയിലാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
വാഷിംഗട്ണിൽ ശനിയാഴ്ച വൈകിട്ട് 7:15 നാണ് ആക്രമണം ആരംഭിച്ചതെന്നും ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഇത് നടക്കുന്നതെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്ക് നേരെ നേരത്തെ നടത്തിയ ആക്രമണങ്ങൾക്ക് ഉത്തരവാദികളായതിന് ശേഷവും, ധാരണാപത്രം അനുസരിക്കാൻ ഇറാന് മറ്റൊരു അവസരം കൂടി നൽകിയിരുന്നുവെന്നും എന്നാൽ അവർ വീണ്ടും പരാജയപ്പെട്ടുവെന്നും യുഎസ് സൈന്യം പറഞ്ഞു. ഇതിന് മറുപടിയായി, അന്താരാഷ്ട്ര കപ്പലുകളെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കാതെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷിയെ തകർത്ത് അമേരിക്ക കടുത്ത വില ഈടാക്കുകയാണെന്നും അവർ വ്യക്തമാക്കി.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഇതിനോട് പ്രതികരിച്ചത്, ഇറാൻ തിരഞ്ഞെടുത്തത് തെറ്റായ വഴിയാണെന്നും ഇനി അവർ അതിനുള്ള വില നൽകുമെന്നുമാണ്. ഇറാന്റെ തെക്കൻ തീരങ്ങളിലെ ബുഷെഹർ, അസലൂയ തുടങ്ങിയ പെട്രോകെമിക്കൽ ഹബ്ബുകൾ ഉൾപ്പെടെയുള്ള പലയിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ്, ബന്ദർ-ഇ ദയ്യർ എന്നീ തുറമുഖ നഗരങ്ങളിലും ഹോർമുസ് കടലിടുക്കിന് സമീപമുള്ള സിരിക് പ്രദേശത്തും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മിസൈൽ, ഡ്രോൺ ഭീഷണികളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നേരിടുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അയൽരാജ്യമായ ബഹ്‌റൈനിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. രാജ്യത്തുടനീളം കേട്ട ശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് യുഎഇ വ്യക്തമാക്കി. പൗരന്മാരോട് ശാന്തരായിരിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതിന് പിന്നാലെ മിസൈൽ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ, യുഎസ് സൈനിക ബേസുകളുള്ള ഗൾഫ് അയൽരാജ്യങ്ങളെ ഇറാൻ പലതവണ ലക്ഷ്യമിട്ടിട്ടുണ്ട്.






