
ഹാപൂർ: കടയിൽ നിന്നും വാങ്ങിയ കുപ്പിയിൽ നിന്ന് വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്! ആസിഡ് അകത്തുചെന്നതിനെ തുടർന്ന് യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഹാപ്പൂരിലുള്ള ഒരു ജ്വല്ലറിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുപ്പിയിൽ നിന്ന് കുറച്ചു വെള്ളം കുടിച്ചയുടൻ തന്നെ യുവതി പുറത്തേക്ക് ഓടിപ്പോയി തുപ്പുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണ് അർജുൻ നഗർ പ്രദേശത്തുള്ള ജ്വല്ലറിയിൽ യുവതി സ്വർണം വാങ്ങാൻ എത്തിയത്. കടുത്ത ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ കടയിലുള്ളവരോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു. തുടർന്ന് ജ്വല്ലറി ജീവനക്കാരൻ അടുത്തുള്ള ഒരു ബേക്കറിയിൽ പോയി സീൽ ചെയ്ത ഒരു വാട്ടർ ബോട്ടിൽ വാങ്ങി വരികയായിരുന്നു.
ഫ്രിഡ്ജിൽ ഇരുന്ന കുപ്പിയാണ് താൻ ജ്വല്ലറി ജീവനക്കാരന് നൽകിയതെന്നാണ് ബേക്കറി ഉടമ പറയുന്നത്. ജീവനക്കാരൻ ഈ കുപ്പി കൊണ്ടുവന്ന് യുവതിക്ക് നൽകി.ഉള്ളിൽ എന്താണെന്ന് അറിയാതെ യുവതി കുപ്പി തുറന്ന് പെട്ടെന്ന് ഒരു സിപ്പ് കുടിച്ചു. തൊട്ടടുത്ത നിമിഷം തന്നെ വേദനകൊണ്ട് നിലവിളിച്ച അവർ, കടയിൽ നിന്നും പുറത്തേക്ക് ഓടിപ്പോയി അത് തുപ്പികളയുകയായിരുന്നു. കുപ്പിയിൽ ആസിഡ് ആയിരുന്നുവെന്നാണ് വിവരം.
യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് അതീവ ഗുരുതരാവസ്ഥയിൽ മറ്റൊരു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ അവർ അവിടെ ചികിത്സയിലാണ്.സംഭവത്തിൽ ബേക്കറി ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുപ്പി പൂർണ്ണമായും സീൽ ചെയ്തതായിരുന്നുവെന്നും ഫ്രിഡ്ജിൽ നിന്ന് എടുത്തത് പോലെ തന്നെയാണ് താൻ ജീവനക്കാരന് നൽകിയതെന്നും ബേക്കറി ഉടമ അവകാശപ്പെടുന്നു.
പോലീസ് കടയിൽ നിന്ന് ചില ആസിഡ് കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.






