
ബെംഗളൂരു: വീട്ടിൽ അതിക്രമിച്ചു കയറിയ ഡെലിവറി ഏജന്റ് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. താൻ നേരിട്ട ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ യുവതിക്ക് സഹായവുമായി ബെംഗളൂരു പൊലീസ് എത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പോലീസ്, സംഭവത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കാൻ യുവതിയോട് ആവശ്യപ്പെടുകയും നിയമനടപടികൾ ആരംഭിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റുചെയ്തു.വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് അറസ്റ്റിലായത്.
പാഴ്സൽ നൽകാനായി വീട്ടിലെത്തിയ ഡെലിവറി ഏജന്റ്, തനിക്ക് ശുചിമുറി ഉപയോഗിക്കണമെന്ന് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അപരിചിതനായതിനാൽ യുവതി ഇത് വിസമ്മതിച്ചു. തുടർന്ന് യുവതിയെ തള്ളിമാറ്റി ഇയാൾ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും, ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നുവെന്നാണ് പരാതി.
“ഞാൻ വളരെ മര്യാദയോടെ തന്നെ പലതവണ അവന്റെ ആവശ്യം നിരസിച്ചു. അപരിചിതരെ എന്റെ ഫ്ലാറ്റിൽ കയറ്റാറില്ലെന്ന് ഞാൻ അവനോട് വ്യക്തമായി പറഞ്ഞു. അത്രയ്ക്ക് അടിയന്തരമാണെങ്കിൽ തൊട്ടടുത്തുള്ള പുരുഷന്മാർ താമസിക്കുന്ന വീട്ടിൽ പോയി ചോദിക്കാനും ഞാൻ നിർദ്ദേശിച്ചു. എന്നാൽ എന്റെ ആവർത്തിച്ചുള്ള വിസമ്മതങ്ങളെല്ലാം അവഗണിച്ചുകൊണ്ട് അവൻ ചെരുപ്പ് ഊരിമാറ്റി എന്റെ അനുവാദമില്ലാതെ വീട്ടിലേക്ക് ബലമായി ഇരച്ചുകയറി," യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
"അവൻ വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തി. ഞാൻ പൂർണ്ണമായും ഞെട്ടിപ്പോയി, എന്റെ അന്തസ്സ് ലംഘിക്കപ്പെട്ടതായും എന്റെ സ്വന്തം വീട്ടിൽ ഒട്ടും സുരക്ഷിതയല്ലെന്നും എനിക്ക് തോന്നി. ഒരു സ്ത്രീ 'വേണ്ട' എന്ന് പറഞ്ഞാൽ ആ സംഭാഷണം അവിടെ അവസാനിക്കേണ്ടതായിരുന്നു. അവളുടെ അതിരുകളെ അവഗണിക്കാനോ ബലമായി അവളുടെ വീട്ടിൽ കയറാനോ ആർക്കും അവകാശമില്ല," യുവതി കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് ഫ്ലിപ്കാർട്ട് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും പ്രതിയായ ഡെലിവറി ഏജന്റിനെ ജോലിയിൽ നിന്ന് ഉടനടി പുറത്താക്കിയതായി അറിയിക്കുകയും ചെയ്തു






