
മൈസൂരു: അനശ്വര ഗായിക എസ്. ജാനകിയുടെ ഭൗതിക ശരീരം കനിയനഹുണ്ടി ഫാം ഹൗസിൽ അഗ്നിനാളങ്ങളേറ്റുവാങ്ങി. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. കർണാടക സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയാണ് ചടങ്ങുകൾ പൂർത്തിയായത്.കൊച്ചുമകൾ അപ്സര വിദ്യുലയാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ.
കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു. കഴിഞ്ഞ എട്ട് വർഷമായി മൈസൂരുവിൽ താമസിക്കുന്ന ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് സംസ്കാരം മൈസൂരുവിൽ തന്നെ നടത്തിയത്. മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അനശ്വര ഗായികയുടെ അന്ത്യം.
ശാസ്ത്രീയമായി സംഗീതം പഠിക്കാതെ സംഗീതലോകത്തെ കനക സിംഹാസനത്തിൽ വിരാജിച്ച ജാനകിയമ്മ മാധുര്യമേറിയ തന്റെ പാട്ടൊലികൾ അസ്വാദകരുടെ കർണങ്ങളിൽ അവശേഷിപ്പിച്ചാണ് മടങ്ങുന്നത്. മൈസൂരുവിലെ മഹാരാജാ കോളജ് അങ്കണത്തിൽ രാവിലെ ഏഴര മുതൽ ആരംഭിച്ച പൊതുദർശനത്തിൽ അവരുടെ നാദത്തെ ആഗ്രഹിച്ച, ആസ്വദിച്ച ആയിരങ്ങളാണ് ആദരമർപ്പിക്കാൻ എത്തിയത്. ഗുരുസ്ഥാനം നൽകി ആദരിച്ചിരുന്ന സഹപ്രവർത്തകരും തങ്ങളുടെ സ്വന്തം ജാനകിയമ്മയെ ഒരു തവണ കൂടി കാണാൻ കാത്തു നിന്നിരുന്നു. സംസ്കാരം നടന്ന, നഗരത്തിൽ നിന്ന് വളരെ ദൂരെയുള്ള ഫാം ഹൗസിലേക്കും, ജനങ്ങളുടെ ഒഴുക്ക് കാണാൻ സാധിക്കുമായിരുന്നു.
വിലാപയാത്ര സംസ്കാരം നടക്കുന്ന കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് എത്തുമ്പോൾ വഴിയരികിൽ ജാനകിയമ്മയെ സ്നേഹിക്കുന്ന നിരവധിയാളുകൾ കാത്തു നിൽക്കുന്നതും അവസാനമായി കൈവീശി കാണിക്കുന്നതും കാണാമായിരുന്നു. മലയാളത്തിന്റെ പ്രശസ്ത ഗായിക മൂന്നരയോടെ എത്തിയിരുന്നു. സംഗീത-സിനിമ ലോകത്തെ നിരവധി ആളുകൾക്കൊപ്പം ചിത്രയും അന്തിമോപചാരമർപ്പിച്ചശേഷമായിരുന്നു ജാനകിയമ്മയുടെ ഭൗതിക ശരീരം സംസ്കാരത്തിനായി കൊണ്ടുപോയത്.
പാട്ടിൽ ഭാവം കൊണ്ടു വന്ന ഗായിക എന്ന നിലയിൽ ജാനകിയമ്മ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ഭാവവൈവിധ്യം ജാനകിയമ്മയെ പല തലമുറകളിൽ നിന്നുള്ള സംഗീത സംവിധായകരുടെയും പ്രിയ ഗായികയാക്കിമാറ്റിയത്. പാട്ടുകളിലൂടെ മലയാളിയെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഗായിക, മലയാളിക്ക് പ്രണയാർദ്ര ചിന്തകൾ സമ്മാനിച്ച ഗായിക, മലയാളികളെ താരാട്ടുപാടി ഉറക്കിയ നാദത്തിനുടമ ഇനിയില്ല എന്നത് എന്നും വിങ്ങുന്ന ഒരു നോവ് അവശേഷിപ്പിക്കും.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 1938 ഏപ്രില്‍ 23-നാണ് ശിസ്തില ജാനകി ജനിച്ചത്. മാതാപിതാക്കൾ മരിച്ച ശേഷം അമ്മാവന്റെ സംരക്ഷണയില്‍ വളര്‍ന്ന ജാനകിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവ് 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരമായിരുന്നു. മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയാണ് അവര്‍ സംഗീതലോകത്തേക്ക് ചുവടുവെച്ചത്. 1957ല്‍ മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ പ്രവേശിച്ച അവര്‍, 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
നാലുതവണ ദേശീയ പുരസ്‌കാരവും 11 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എസ്. ജാനകിയെ തേടിയെത്തിയിട്ടുണ്ട്. 'ഓപ്പോള്‍' എന്ന സിനിമയിലെ "ഏറ്റുമാനൂരമ്പലത്തില്‍" എന്ന ഗാനമാണ് 1981ല്‍ അവരെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഭര്‍ത്താവ് വി.രാമപ്രസാദും മകന്‍ മുരളീകൃഷ്ണയും നേരത്തെ മരണപ്പെട്ടിരുന്നു.






