
കല്‍പ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തസ്‌ഥലത്ത് ദൗത്യസംഘം നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വയനാട് തുരങ്കപാത നിര്‍മാണം നടത്തുന്ന ദീലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയിലെ കണ്‍സ്‌ട്രക്‌ഷന്‍ മാനേജര്‍ ഹിമാചല്‍പ്രദേശ് സ്വദേശി ബിക്രം റാണയുടെ മൃതദേഹമാണ് ആറാംദിവസം കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞശേഷം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എംബാം ചെയ്‌തശേഷം സ്വദേശത്തേക്കു കൊണ്ടുപോകും.
ഇതോടെ, കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മൂന്ന് മൃതദേഹങ്ങള്‍ സംഭവദിവസംതന്നെ ലഭിച്ചിരുന്നു. കാണാതായ അഞ്ചുപേരില്‍ അവസാനത്തെയാളുടെ മൃതദേഹവും ലഭിച്ചതോടെ ദൗത്യസേനയുടെ തെരച്ചില്‍ അവസാനിപ്പിച്ചേക്കും.






