
ഹരിപ്പാട്: ഉസ്‌ബക്കിസ്‌ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. സാവരിയയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം സ്വദേശിയായ സഹപാഠിയുടെ ക്രൂര മര്‍ദനമേറ്റാണ് സാവരിയ കൊല്ലപ്പെട്ടത്. മതപരിവര്‍ത്തനം സംബന്ധിച്ചായിരുന്നു കൊലപാതകമെന്ന് കുടുംബാംഗങ്ങള്‍ക്ക് സംശയമുണ്ട്. കുറ്റവാളികള്‍ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. ഈ മെഡിക്കല്‍ കോളജിലേക്ക് മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികളെ കേരളത്തിലെ ചിലരുടെ ഇടപെടലില്‍ കൊണ്ടുപോയതായും സംശയിക്കുന്നു. ഇതേക്കുറിച്ചും അന്വേഷണം വേണം.
സംഭവത്തിന്റെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരാന്‍ നിലവിലുള്ള അന്വേഷണത്തിനൊപ്പം കേന്ദ്ര ഏജന്‍സിയുടെ സമഗ്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്.
വിദേശത്തു നടന്ന സംഭവമായതിനാല്‍ സംസ്‌ഥാന പോലീസിന് പരിമിതികളുണ്ട്. കുറ്റകൃത്യത്തിന് പിന്നില്‍ ഗൂഢാലോചനകളും സംഘടിത സ്വാധീനങ്ങളുമുണ്ടോ എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും നിഷ്‌പക്ഷമായി അന്വേഷിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.-വെള്ളാപ്പള്ളി പറഞ്ഞു.
കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസിഡന്റ് കെ. അശോക പണിക്കര്‍, സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രന്‍, കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, പൂയപ്പള്ളി മുരളി, പി. മുരളി, പ്രേമന്‍, ശാഖാ ഭാരവാഹികള്‍ എന്നിവരും വെള്ളാപ്പള്ളിയോടൊപ്പം ഉണ്ടായിരുന്നു.






