
കാഞ്ഞിരപ്പള്ളി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ചെറുവള്ളി എസ്‌റ്റേറ്റില്‍തന്നെ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു റോണി കെ. ബേബി എം.എല്‍.എ. മുഖ്യമന്ത്രി വി.ഡി. സതീശനു കത്തുനല്‍കി.
ചെറുവള്ളിത്തോട്ടത്തില്‍തന്നെ വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ലഭ്യമായിരിക്കെ വിമാനത്താവളത്തിനു പുറത്തുള്ള ഭൂമിയും പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ വിജ്‌ഞാപനം തിരുത്താന്‍ തയാറാകണമെന്നു കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തോട്ടത്തിനു പുറത്തുള്ള ഭൂമി വിജ്‌ഞാപനം ചെയ്‌തതിനാല്‍ ആളുകള്‍ പ്രതിസന്ധിയിലാണ്. വിവിധ ആവശ്യങ്ങള്‍ക്കു ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഉടമകള്‍ക്കു കഴിയുന്നില്ല. വിജ്‌ഞാപനം ചെയ്‌ത ഭൂമി സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള കേരള ബാങ്ക് ജപ്‌തി ചെയ്‌ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാല്‍, വിമാനത്താവളവുമായി ബന്ധപ്പെട്ടു സമയബന്ധിതമായ തീരുമാനമുണ്ടാകണം.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലായി സ്‌ഥിതിചെയ്യുന്ന, 2263 ഏക്കര്‍ ചെറുവള്ളിത്തോട്ടം മധ്യതിരുവിതാംകൂറില്‍ രാജ്യാന്തര വിമാനത്താവളം പണിയുന്നതിന് ഏറ്റവും അനുയോജ്യമായ സ്‌ഥലമാണെന്നു നിരവധി പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തിറക്കിയ സാമൂഹികാഘാത പഠന വിജ്‌ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കാര്യക്ഷമമായ ഇടപെടലിലൂടെ അനുകൂലമായി തീര്‍പ്പാക്കാന്‍ കഴിയും. ഭൂമിയുടെ ഉടമസ്‌ഥാവകാശ തര്‍ക്കത്തിലെ പാലാ കോടതിയുടെ വിധിക്കെതിരേയും സര്‍ക്കാരിന് ഇടപെടാന്‍ മാര്‍ഗങ്ങളുണ്ട്-അദ്ദേഹം പറഞ്ഞു.






