
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള സി.പി.എം-സി.പി.ഐ. തര്‍ക്കത്തില്‍ മഞ്ഞുരുക്കം. മുന്നണിക്കുള്ളില്‍ അനാവശ്യ കടുംപിടിത്തം വേണ്ടെന്നു പാര്‍ട്ടി അണികളില്‍നിന്നുയര്‍ന്ന വികാരം കണക്കിലെടുത്തു സി.പി.ഐയ്‌ക്കു പ്രതിപക്ഷ ഉപനേതൃ പദവി നല്‍കാന്‍ സി.പി.എം. തയാറാകുന്നു.
സി.പി.ഐയില്‍നിന്നു മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ. രാജന്‍ പ്രതിപക്ഷ ഉപനേതാവാകും. അണികളില്‍നിന്നു നേതൃത്വത്തിനെതിരേ സമാനതകളില്ലാത്ത എതിര്‍പ്പുയര്‍ന്നു തുടങ്ങിയതോടെയാണു പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ മനംമാറ്റം. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയും പ്രതിപക്ഷ ഉപനേതൃ പദവി സി.പി.ഐയ്‌ക്കു നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.
സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുമാത്രമല്ല സി.പി.എമ്മിന്റെ കടുപിടിത്തം അയയാന്‍ ഇടയാക്കിയത്. മുന്‍ മന്ത്രിസഭയില്‍ തന്റെ വിശ്വസ്‌തനായിരുന്ന കെ. രാജന്‍ ആ പദവിയിലെത്തും എന്നതും പിണറായിയുടെ പച്ചക്കൊടിക്കു കാരണമായി. സി.പി.ഐ. ഉന്നയിച്ച ആവശ്യങ്ങള്‍ തള്ളിക്കളയാന്‍ സി.പി.എം. കേന്ദ്ര നേതൃത്വവും തയാറായിരുന്നില്ല. മുന്നണിയില്‍ അനാവശ്യ ഭിന്നതകള്‍ ഒഴിവാക്കാനും സി.പി.ഐയെ ചേര്‍ത്തുപിടിക്കാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു.
പോളിറ്റ് ബ്യൂറോയിലെയും കേന്ദ്ര കമ്മിറ്റിയിലെയും അംഗങ്ങള്‍ സംസ്‌ഥാന നേതൃത്വത്തിനെതിരേ പല കാര്യങ്ങളിലും പരസ്യ പ്രതികരണം നടത്തിയതില്‍ പിണറായി വിജയന്‍ എം.വി. ഗോവിന്ദന്‍ വിഭാഗം അപകടം മണത്തതും മഞ്ഞുരുക്കത്തിലേക്കു നയിച്ചു. എല്ലാ പദവികളും ഒരു പാര്‍ട്ടിയില്‍തന്നെ കേന്ദ്രീകരിക്കുന്നതു മുന്നണിമര്യാദയ്‌ക്കു നിരക്കുന്നതല്ലെന്ന മറ്റു ഘടകകക്ഷികളുടെ വിമര്‍ശനവും ഫലംകണ്ടു.
സി.പി.എം.-സി.പി.ഐ. നേതാക്കള്‍ നാളെ ഉഭയകക്ഷി യോഗം ചേരും. ബിനോയ് വിശ്വവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു യോഗം നിശ്‌ചയിച്ചത്. ഈ യോഗത്തിനുശേഷം പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ജി. അരുണ്‍






