
മൈസുരു: ഭാഷകളുടെയും ദേശങ്ങളുടെയും അതിരുകളെ പാട്ടിലലിയിച്ച ഭാവഗായിക ഇനി ആസ്വാദമനസുകളിലെ അനശ്വരസ്‌മരണ.17 ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ അവിസ്‌മരണീയമാക്കിയ ഇതിഹാസഗായിക എസ്. ജാനകി(88)ക്ക് പൂര്‍ണ ഔദ്യോഗികബഹുമതികളോടെ രാജ്യം വിടയേകി. മൈസുരു നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ, ഹെഗ്ഗഡദേവനകോട്ട് കണിയാനഹുണ്ടിയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. ജാനകിയമ്മയുടെ ആരാധകനും സംരക്ഷകനുമായിരുന്ന ബിസിനസുകാരന്‍ നവീന്റെ ഉടമസ്‌ഥതയിലുള്ള ഫാം ഹൗസിലാണ് പ്രിയഗായികയ്‌ക്ക് അന്ത്യവിശ്രമമൊരുക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നവീന്റെ ഗസ്‌റ്റ് ഹൗസിലായിരുന്നു ജാനകിയമ്മയുടെ താമസം. പൊതുദര്‍ശനം നടന്ന മൈസുരു മഹാരാജാസ് കോളജ് മൈതാനത്തും സംസ്‌കാരച്ചടങ്ങുകള്‍ നടന്ന കണിയാനഹുണ്ടിയിലും ആയിരക്കണക്കിന് ആരാധകരാണ് ജാനകിയെ അവസാനമായി ഒരുനോക്കുകാണാന്‍ ഒഴുകിയെത്തിയത്. ചലച്ചിത്ര താരങ്ങളും പിന്നണി ഗായകരും, രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. ജാനകിയമ്മയുമായി ആത്മബന്ധമുള്ള ഗായിക കെ.എസ്. ചിത്ര മഹാരാജാസ് കോളജ് മൈതാനത്തെത്തി കണ്ണീരോടെ ആദരാഞ്‌ജലിയര്‍പ്പിച്ചശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന സ്‌ഥലത്തേക്കു കൊണ്ടുപോയത്. പാതയോരങ്ങളില്‍ ആരാധകര്‍ പുഷ്‌പവൃഷ്‌ടിയോടെ പ്രിയഗായികയ്‌ക്ക് അന്ത്യയാത്രാമൊഴിയേകി. ആന്ധ്ര ബ്രാഹ്‌മണാചാരപ്രകാരമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. കൊച്ചുമകള്‍ അപ്‌സര ചിതയ്‌ക്കു തീകൊളുത്തി. ജാനകിയുടെ മകന്‍ മുരളീകൃഷ്‌ണ മാസങ്ങള്‍ക്കു മുമ്പാണ് മരിച്ചത്. അവര്‍ അതിന്റെ ആഘാതത്തില്‍നിന്ന് മുക്‌തയായിരുന്നില്ലെന്ന് നടിയും ആത്മസുഹൃത്തുമായ ഭാരതി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഏഴരയോടെ മൈസുരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു ജാനകിയുടെ അന്ത്യം. വാര്‍ധക്യസഹജമായ അവശതകളേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്‌ക്കിടെ ഒന്നിലേറെത്തവണ ഹൃദയാഘാതമുണ്ടായെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. എസ്. ജാനകിയുടെ വിയോഗം സംഗീത-സാംസ്‌കാരികലോകത്ത് നികത്താനാവാത്ത വിടവാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അനുശോചനമറിയിച്ചു.






