
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ഏഴിന് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. മഴയുടെ കുറവും താരതമ്യേന ഉയർന്ന താപനിലയും വൈദ്യുതി ഉപയോഗം കുത്തനെ ഉയരാൻ കാരണമായെന്നാണ് വിശദീകരണം.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവ് കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്. രാജ്യത്താകെ ആവശ്യകത ഉയർന്നതിനാൽ പവർ എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയും കുറഞ്ഞിരിക്കുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.
മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപയോഗം മുൻ ദിവസങ്ങളെക്കാൾ 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് വിലയിരുത്തൽ. ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് ഭാഗിക വൈദ്യുതി നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചു.






