
ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു. മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മ (27) രണ്ട് ദിവസം മുമ്പ് വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. ഇതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവ് സനുക്കുട്ടൻ (30) ബെംഗളൂരുവിലെ ഒരു ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നാല് മാസം മുമ്പായിരുന്നു ഹരീഷ്മയുടെയും സനുക്കുട്ടന്റെയും വിവാഹം. മൂന്ന് മാസം ഗർഭിണിയായിരുന്നു ഹരീഷ്മ. സനുക്കുട്ടൻ ജോലി ആവശ്യാർത്ഥം ഒരു മാസം മുമ്പാണ് ദോഹയിലേക്ക് പോയത്.
ഭാര്യയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് സനുക്കുട്ടൻ ഉടൻ നാട്ടിലേക്ക് തിരിച്ചു. കണക്ഷൻ വിമാനത്തിൽ ബെംഗളൂരു വഴി നെടുമ്പാശേരിയിലെത്തുമെന്നാണ് അദ്ദേഹം ബന്ധുക്കളെ അറിയിച്ചിരുന്നത്.
ഇതനുസരിച്ച് സഹോദരനും മറ്റ് ബന്ധുക്കളും നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം അവിടെ ഇറങ്ങിയതായി സ്ഥിരീകരിച്ചത്.
ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെ ഒരു ലോഡ്ജിൽ മലയാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് സനുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






