
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ യുവതിയുടെയും യുവാവിന്റെയും നിഗൂഢ മരണങ്ങളിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. ശനിയാഴ്ച വൈകുന്നേരം ബിപിടിപി പാലത്തിന് സമീപം ആഗ്ര കനാലിൽ ഇരുവരും ചാടിയെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഞായറാഴ്ചയോടെ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. എന്നാൽ ആത്മഹത്യയെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്.
ആകാശ് എന്ന അക്കു (23), രശ്മി എന്ന രജനി (27) എന്നിവരുടെ മൃതദേഹങ്ങളാണ് ഷാപൂർ കലന് സമീപമുള്ള കനാലിൽ നിന്ന് കണ്ടെടുത്തത്. കണ്ടെടുത്ത രണ്ട് മൃതദേഹങ്ങളുടെയും കൈകൾ ഡാറ്റാ കേബിളുകൾ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലായിരുന്നു. ഇരുവരുടെയും മുഖത്ത് ഗുരുതരമായ പരിക്കുകളുമുണ്ട്. ഇതിനുപുറമെ, കനാലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രശ്മിയുടെ കാറിനുള്ളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും ചോരപുരണ്ട ഒരു ചുറ്റികയും പോലീസ് കണ്ടെടുത്തു. ഇവർ വെള്ളത്തിൽ വീണു മരിച്ചതാണോ അതോ ചുറ്റിക കൊണ്ടുള്ള അടിയേറ്റാണോ മരിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ശനിയാഴ്ച രശ്മിയുടെ ഭർത്താവായ ശിവം കുമാർ നൽകിയ ഒരു പരാതിയിൽ നിന്നാണ് കേസിനു തുടക്കമായത്. സെക്ടർ 31-ലെ ആകാശ് തന്റെ ഭാര്യ രശ്മിയെ നിരന്തരം ശല്യം ചെയ്യുന്നു എന്നായിരുന്നു പരാതി. മുൻപ് താക്കീത് ചെയ്തപ്പോൾ ആകാശ് മാപ്പ് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശല്യം വീണ്ടും തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആകാശിനെ കാണാനായി രശ്മി സ്വന്തം കാറിൽ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഇതിനുപിന്നാലെ വൈകുന്നേരം നാലരയോടെയാണ് ഇരുവരും കനാലിൽ ചാടിയെന്ന വിവരം പോലീസിന് ലഭിക്കുന്നത്.
എന്നാൽ ഇത് ആത്മഹത്യയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് ആകാശിന്റെ കുടുംബം ആരോപിക്കുന്നത്. ആകാശിനെ ഗൂഢാലോചനയിലൂടെ വിളിച്ചുവരുത്തി യുവതിയോടൊപ്പം കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരീഭർത്താവ് അജയ് നാഗർ ആരോപിച്ചു. മൃതദേഹങ്ങൾ കണ്ടെടുത്തതോടെ അന്വേഷണം വിപുലീകരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫോറൻസിക് പരിശോധനയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് ശിവം കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






