
ലഖ്നൗ: യാത്രാരേഖകളില്ലാതെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ യുഎസ് പൗരനെന്ന് അവകാശപ്പെടുന്ന 36-കാരനെ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ വെച്ച് ശസ്ത്ര സീമ ബൽ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ ജോർദാൻ ബ്രൗൺ എന്നയാളാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച സോനൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ മൈനിഹ്വ പ്രദേശത്ത് 516-ആം നമ്പർ അതിർത്തി തൂണിന് സമീപം നടത്തിയ പതിവ് പട്രോളിംഗിനിടയിലാണ് എസ്എസ്ബിയുടെ 22-ആം ബറ്റാലിയൻ ഇയാളെ തടഞ്ഞുനിർത്തിയത്. അതിർത്തിയിൽ വെച്ച് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഇന്ത്യൻ അതിർത്തി രക്ഷാസേന പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ പക്കൽ സാധുവായ യാത്രാ രേഖകളോ തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് മഹാരാജ്ഗഞ്ച് അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, താൻ ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിലേക്ക് പോയിരുന്നതായും അവിടെ വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെട്ടതായും ബ്രൗൺ പോലീസിനോട് പറഞ്ഞു. താൻ മുൻ യുഎസ് നേവി ഉദ്യോഗസ്ഥനാണെന്നും ഇയാൾ പോലീസിനോട് അവകാശപ്പെട്ടിട്ടുണ്ട്. ഇയാൾ ഗോവയിൽ നിന്നും ബെംഗളൂരു വഴിയാണ് അതിർത്തിയിൽ എത്തിയതെന്നും അധികൃതർ വ്യക്തമാക്കി.






