
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. കേസില്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റിനെയും ഡോക്ടര്‍മാരെയും ഇഡി ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും അന്വേഷണ സംഘം സമന്‍സ് അയച്ചു. അവയവ കച്ചവട റാക്കറ്റുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ലേക്‌ഷോര്‍ ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. നേരത്തെ റെയ്ഡുകള്‍ക്ക് പിന്നാലെ ലേക്‌ഷോര്‍ എംഡി എസ്.കെ. അബ്ദുള്ളയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലേക്‌ഷോര്‍ ആശുപത്രിയുടെ എംഡിയെയും ഡോക്ടര്‍മാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കാസര്‍കോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവ കച്ചവട റാക്കറ്റിന് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് വ്യാപക പരിശോധന നടത്തുകയുമായിരുന്നു.
ആശുപത്രികളില്‍ നിയമവിരുദ്ധമായി അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അവയവ ദാതാവിനെയും സ്വീകര്‍ത്താവിനെയും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമ്പോഴെല്ലാം റാക്കറ്റിന് ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നു. റാക്കറ്റുമായി ആശുപത്രികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വ്യക്തമായ രേഖകളും വിവരങ്ങളും അന്വേഷണ സംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.






