
പത്തനംതിട്ട: അടൂരിൽ 31-കാരിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ സ്വദേശിനി ഷെഹനയാണ് മരിച്ചത്. വീടിന്റെ കോവണിപ്പടിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴംകുളം സ്വദേശിയായ യുവാവിനെ, ഷെഹനയുടെ സുഹൃത്താണെന്ന് പൊലീസ് പറയുന്ന ആളെ, കസ്റ്റഡിയിലെടുത്തു.
ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന ഷെഹനയുടെ വീട്ടിൽ സംഭവം നടന്ന സമയത്ത് യുവാവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഷെഹനയുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് സമീപവാസികൾ അടൂർ നഗരസഭാ കൗൺസിലറെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കൗൺസിലർ വീടിനുള്ളിലുണ്ടായിരുന്ന യുവാവിനോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ഷെഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അടൂർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ഷെഹനയുടെയും യുവാവിന്റെയും ശരീരത്തിൽ രക്തക്കറകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശാസ്ത്രീയ പരിശോധനകളും ഫൊറൻസിക് പരിശോധനകളും പൂർത്തിയായ ശേഷമേ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






