
വിയ്യൂർ: സംസ്ഥാന ചരിത്രത്തിലാദ്യമായി ജയിലിൽ നിന്ന് ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു. വാഴോട്ടുകോണം വാർഡിലെ മുൻസിപ്പൽ കൗൺസിലറായി ആർ. സുഗതൻ ജയിലിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലെ ലൈബ്രറി ഹാളിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം മേയർ വി.വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. കോർപറേഷൻ സെക്രട്ടറിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
സുഗതനെ ഹാളിലെ ഡയസിലേക്ക് ക്ഷണിച്ച ശേഷം മേയർ വി.വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സുഗതൻ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തശേഷം ജയിലിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിർദേശ പ്രകാരമായിരുന്നു സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ ജയിലിൽ സാഹചര്യമൊരുക്കിയത്.
ഈശ്വരൻമാരുടെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നേരത്തെ റദ്ദാക്കിയിരുന്നു. ഇതിൽ 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും കാപ്പ കേസിൽ അറസ്റ്റിലായ സുഗതന് അത് സാധിച്ചിരുന്നില്ല. അടുത്ത കൗൺസിൽ യോഗത്തിൽ സുഗതന് പങ്കെടുക്കാൻ സാധിച്ചില്ല എങ്കിൽ സുഗതന് അയോഗ്യത കൽപ്പിക്കും. സമയ പരിധിക്കുള്ളിൽ ജാമ്യം ലഭിച്ചില്ല എങ്കിൽ ബിജെപിയുടെ ഭരണത്തെ തന്നെ ബാധിച്ചേക്കാം. ഈ മാസം അവസാനം അടുത്ത കൗൺസിൽ യോഗം ഉണ്ടാകും.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അഞ്ച് വർഷം സുഗമമായി മുന്നോട്ട് പോകുമെന്ന് മേയര്‍ വി വി രാജേഷ്. നിലവില്‍ സങ്കീർണ്ണമായ സാഹചര്യമില്ലെന്നും പ്രതിസന്ധി ഉണ്ടാകില്ലെന്നും വി വി രാജേഷ് പറഞ്ഞു. ഭരണസമിതി അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷം വിമർശിക്കുകയാണ്. തോറ്റത് മാനസികമായി അംഗീകരിച്ചാൽ മതിയെന്നും വി വി രാജേഷ് പരിഹസിച്ചു.






